തെരുവുനായക്ക് ഭക്ഷണം നല്‍കി; യുവതിക്ക് ലഭിച്ചത് 3,60,000 രൂപ പിഴ ശിക്ഷ

Posted on: April 15, 2019 11:17 am | Last updated: April 16, 2019 at 3:43 pm

മുംബൈ: തെരുവു നായക്കു ഭക്ഷണം നല്‍കിയ യുവതിക്ക് ഹൗസിംഗ് കമ്മിറ്റി വക 3,60,000 രൂപ പിഴ ശിക്ഷ. മുംബൈയില്‍ ഖാണ്ഡിവാലിയിലാണ് സംഭവം. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ നേഹ ദത്വാനിക്കാണ് ദുരനുഭവമുണ്ടായത്. ഹൗസിംഗ് സൊസൈറ്റി പരിസരത്തു വെച്ച് തെരുവു നായക്ക് ഭക്ഷണം നല്‍കിയതാണ് നേഹ ചെയ്ത കുറ്റമെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നത്.

സൊസൈറ്റി പരിസരത്ത് തെരുവുനായക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്നുള്ളത് ഹൗസിംഗ് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ മിതേഷ് ബോറ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവിടെ തെരുവുനായ ശല്യം രൂക്ഷമാണ്. ഇതുമൂലം ഭീതിയോടെയാണ് ഈ ഭാഗത്തുകൂടി ആളുകള്‍ കടന്നുപോകുന്നത്. മനുഷ്യാവകാശം ലംഘിക്കുന്ന രീതിയിലുള്ള പ്രവൃത്തി ചെയ്തതിനാണ് ശിക്ഷ നല്‍കുന്നതെന്നും സൊസൈറ്റി ചെയര്‍മാനെന്ന നിലയില്‍ നിയമം നടപ്പിലാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ബോറ വ്യക്തമാക്കി.

ദിവസം 2500 രൂപ വച്ചാണ് നായക്കു ഭക്ഷണം നല്‍കിയാല്‍ ഈടാക്കുന്നത്. ഇതിനു പുറമെ സൊസൈറ്റി മെയിന്റനന്‍സ് ഫീസെന്ന നിലയില്‍ 75000 രൂപയും പിഴയായി നല്‍കണം. അതേസമയം, പിഴ അടയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് നേഹ.