Connect with us

National

തനിക്കു ലഭിക്കുന്ന വോട്ടു നോക്കി ഗ്രാമപ്രദേശങ്ങളെ തരംതിരിക്കും; പുതിയ വിവാദത്തിന് തിരികൊളുത്തി മനേക

Published

|

Last Updated

ന്യൂഡല്‍ഹി: വിഭാഗീയമായ വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ മനേകാ ഗാന്ധി. വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് ലഭിക്കുന്ന വോട്ടുകള്‍ക്ക് അനുസരിച്ച് തരംതിരിച്ചാകും നടത്തുകയെന്ന് സുല്‍ത്താന്‍പൂരിലെ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കിട്ടുന്ന വോട്ടുകളുടെ എണ്ണം നോക്കി ഗ്രാമ പ്രദേശങ്ങളെ എ ബി സി ഡി എന്നിങ്ങനെ തരംതിരിക്കും. ബി ജെ പിക്ക് 80 ശതമാനം വോട്ടു കിട്ടുന്നവയായിരിക്കും എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. 60 ശതമാനം ബി, 50 സി, 30 ശതമാനവും അതിനു താഴെയും ഡി എന്നിങ്ങനെയാണ് തരംതിരിക്കുക. ഈ മുന്‍ഗണനാടിസ്ഥാനത്തിലായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. താന്‍ നേരത്തെ മത്സരിച്ച പിലിഭിത്ത് മണ്ഡലത്തില്‍ ഇത് നല്ല രീതിയില്‍ നടപ്പിലാക്കിയിരുന്നുവെന്നും മനേക പറഞ്ഞു.

മുസ്‌ലിങ്ങള്‍ തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ എം പി യായി കഴിയുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പ്രയാസമാകുമെന്ന രീതിയിലുള്ള പ്രസ്താവനയാണ് ഇതിനു മുമ്പ് മനേകയെ വിവാദത്തില്‍ കുരുക്കിയത്. വര്‍ഗീയമായ ഈ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

 

Latest