നെഞ്ചേറ്റാൻ മറന്ന ദേശത്തിന്റെ ജാതകം

ഭൂതവും വർത്തമാനവും ഭാവികാലവും സമഞ്ജസമായി സമ്മേളിപ്പിച്ച് അതാത് കാലങ്ങളെ തനത് രീതിയിൽ അടയാളപ്പെടുത്തുന്നതിൽ വിജയിച്ച ദേശത്തിന്റെ ജാതകം, ഒരർഥത്തിൽ കേരളത്തിന്റെ മൊത്തം രാഷ്ട്രീയ ജാതകങ്ങളെ വേണ്ടരീതിയിൽ കുറിച്ചു വെച്ച വലിയൊരു സർഗാത്മക സംരംഭമായിത്തന്നെ കരുതേണ്ടിയിരിക്കുന്നു.
അതിഥി വായന
Posted on: April 14, 2019 3:15 pm | Last updated: April 14, 2019 at 3:15 pm

മലയാള സാഹിത്യം അരിച്ചുപെറുക്കി പോസ്റ്റ്‌മോർട്ടം ചെയ്യുന്ന നിരൂപക സർജൻമാരൊന്നും അധികം ഗൗനിക്കാതിരുന്ന ബൃഹത് നോവലാണ് കെ ആർ വിശ്വനാഥന്റെ “ദേശത്തിന്റെ ജാതകം’. അഞ്ഞൂറിലേറെ പേജുകളിലായി പരന്നു കിടക്കുന്ന ഈ നോവലിനാണ് 2016ലെ പൂർണ ഉറൂബ് അവാർഡ് എന്നുകൂടി പരിഗണിക്കുമ്പോൾ നിരൂപകലോകം വേണ്ടത്ര പരിഗണന നൽകിയില്ല എന്ന വാദത്തിന് സാംഗത്യമേറെയാണ്.

പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അരനൂറ്റാണ്ട് മുമ്പെങ്കിലുമുള്ള കേരളത്തിന്റെ മിത്തുകളും യാഥാർഥ്യങ്ങളും ഇത്ര ആകർഷണീയമായി അടയാളപ്പെടുത്തിയ നോവൽ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം ഭാവനയെയും ജീവിത യാഥാർഥ്യങ്ങളെയും ഇങ്ങനെ കൂട്ടിക്കുഴച്ച് വേവിച്ചെടുത്ത മറ്റ് സർഗാത്മക വിഭവങ്ങൾ അധികമുണ്ടാകില്ല എന്നത് അതിശയോക്തിയല്ല. അത്രമാത്രം ബിംബങ്ങളും മിത്തുകളും കൊണ്ട് പ്രകൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും അടരുകൾ അതിശയിപ്പിക്കുന്ന രീതിയിൽ അടുക്കിവെച്ച് നിർമിച്ച മലയാള നോവൽ സാഹിത്യത്തിലെ രമ്യഹർമ്യമായി “ദേശത്തിന്റെ ജാതകം’ തലയുയർത്തിത്തന്നെ നിൽക്കും. ചെമ്പൻവയൽ എന്ന മലയോര ഗ്രാമത്തിലെ മനുഷ്യരുടെയും അവരുടെ അതിജീവനത്തിന്റെയും വിവരണങ്ങളിലൂടെ, കെ ആർ വിയുടെ തൂലിക ലക്ഷ്യംവെക്കുന്നത് വായിച്ച് രസിക്കാൻ മാത്രമായി ഒരു വലിയ കാൻവാസിൽ കഥ പറയുകയല്ല. രസകരമായ വായന പ്രദാനം ചെയ്യുന്നതിനൊപ്പം, വികല വികസനത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ അരങ്ങുവാണുകൊണ്ടിരിക്കുന്ന അശാസ്ത്രീയ പദ്ധതികൾക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്ന ആദിവാസികളടക്കമുള്ള അരികുവത്കരിക്കപ്പെടുന്ന ജനതയുടെ അതിജീവന രാഷ്ട്രീയത്തിന്റെ കഥ കൂടിയായി മാറുകയാണ് ഈ നോവൽ.

ചെമ്പൻവയൽ എന്ന മലയോര ഗ്രാമത്തിലേക്ക് സ്‌കൂൾ അധ്യാപകനായ വിനയൻ എത്തിപ്പെടുന്നതും ശേഷം കൊച്ചുണ്ണി മാഷിൽ നിന്ന് പകർന്നുകിട്ടുന്ന അറിവുകളുമായി വികസിക്കുന്ന ദേശത്തിന്റെ ജാതകം, ബൃഹത്കാവ്യം പോലെ മനുഷ്യന്റെ എല്ലാ കാമ ക്രോധ മോഹ ചാപല്യങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും വിശുദ്ധിയുടെയും കരുത്തിന്റെയും പ്രതീകങ്ങൾ വഹിക്കുന്ന കഥാപാത്രങ്ങളാൽ വായനക്കാരിൽ അനുഭൂതികളുടെ അനവദ്യമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിൽ വിജയം വരിച്ച സൃഷ്ടി കൂടിയാണ്. മതത്തിന്റെ പേരിൽ കാലുഷ്യങ്ങൾ വളർത്തിയും മനസ്സുകളിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകിയും സംഘർഷങ്ങളുടെ വിളവെടുപ്പ് ലക്ഷ്യം വെക്കുന്ന വർഗീയ വിചാരങ്ങൾക്ക് എഴുത്തുകൊണ്ടുള്ള പ്രതിരോധം തീർക്കലിന്റെ അടയാളപ്പെടുത്തലുകൾ നോവലിൽ പലയിടത്തായി കാണാം. കുഞ്ഞാലൻകുട്ടി മുസ്‌ല്യാരും രാവുണ്ണി ചെട്ട്യാരും തമ്മിലുള്ള സൗഹൃദത്തെ പ്രതിപാദിക്കുന്ന വരികൾ ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. “മനുഷ്യനെതിരെയും ദൈവത്തിനെതിരെയും ചിന്തിക്കാതിരിക്കുമ്പോൾ യഥാർഥ മതപഠനമാകുമെന്ന് വിശ്വസിക്കുന്ന ഓത്തുപള്ളി ഉസ്താദായ കുഞ്ഞാലൻകുട്ടി മുസ്‌ലിയാർക്ക് ചെമ്പൻവയലിൽ കിടന്നുറങ്ങാൻ ഒരിടം കിട്ടിയത് രാവുണ്ണി ചെട്ട്യാരുടെ വിറകുപുരയിലാണ്. ഉഴിച്ചിലുകാരൻ കൂടിയായ കുഞ്ഞാലൻകുട്ടി മുസ്‌ല്യാർ രാവുണ്ണി ചെട്ട്യാർക്ക് ഉഴിച്ചിൽ കൂടി നടത്തുമ്പോൾ അവർ തമ്മിലുള്ള ബന്ധം ഗാഢവും ദൃഢവുമാകുന്നു. ചെട്ട്യാരുടെ വീടിന് മുന്നിലും പിന്നിലുമായി നിഴലുകൾ അളന്ന് നിസ്‌കാരം നിർവഹിച്ചിരുന്ന കുഞ്ഞാലൻകുട്ടിയോട് ഒരിക്കൽ ചെട്ട്യാർ പറയുന്നുണ്ട്: “നീയ് ഇതിനകത്തുതന്നെ നിസ്‌കരിച്ചോ കുഞ്ഞാലാ. നെന്റെ പ്രാർഥനേല് ന്റെ കാര്യം കൂടി അങ്ങട് പറഞ്ഞാമതി’. ഇത്രയും നന്മ നിറഞ്ഞ ആ പഴയ നാട്ടുസൗഹാർദങ്ങൾക്ക് ഇടം പിടിക്കാൻ ഇന്ന് ഇത്തരം സാഹിത്യ സൃഷ്ടികളിലല്ലാതെ മറ്റെവിടെയാണ് ഇടം?
ലോകത്തെമ്പാടും വികസനത്തിന്റെ പേരിൽ പിറന്നഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെടാൻ വിധിക്കപ്പെട്ട മണ്ണിന്റെ മക്കളുടെ ദുരവസ്ഥകളെ തുറന്നു കാട്ടുക എന്ന രാഷ്ട്രീയ ധർമം തന്നെയാണ് ചെമ്പൻവയലിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ ദുരിത ജീവിതം ആവിഷ്‌കരിക്കുന്ന സൂചകങ്ങളിലൂടെ നോവലിസ്റ്റ് ലക്ഷ്യം വെക്കുന്നത്. “ആദിവാസികൾക്ക് ഇപ്പോൾ നായാട്ട് ഒരു ശബ്ദ കോലാഹലം മാത്രമാണ്. അമ്പും വില്ലും ചിതലെടുക്കുന്ന ഒരലങ്കാരം മാത്രം. ലോകത്തോട് യാത്ര പറയുമ്പോൾ തന്റെ കുഴിയിൽ വെക്കാനുള്ള ആയുധം. ആദിവാസിക്ക് പരലോക യാത്രയിൽ അമ്പും വില്ലും മാത്രമേ തുണയായുള്ളൂ.’ ആദിവാസി സമൂഹം ശരിക്കും നേരിടുന്ന വർത്തമാനകാല ദുരന്തത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും നേർ ചിത്രങ്ങൾ ഇത്തരം വരികളിൽ അടയാളപ്പെടുന്നുണ്ട്.
വയനാട് അടക്കമുള്ള വനപ്രദേശങ്ങളിൽ ആദിവാസികൾക്കും അടിസ്ഥാന വർഗങ്ങൾക്കും വേണ്ടി പോരാടി അധികാരികളുടെ മർദനമേറ്റ് തളർന്നുവീണപ്പോഴും മനസ്സിൽ വിപ്ലവത്തീ കെടാതെ സൂക്ഷിച്ച നിരവധി പോരാളികളെ ഓർമിപ്പിക്കുന്ന തരത്തിലാണ് കോളനിയിലെ കോളേരി എന്ന വിപ്ലവകാരിയെ പോലീസ് കൈകാര്യം ചെയ്ത രീതിയുടെ വിവരണം. മർദനം കൊണ്ട് ശരീരത്തെ ചതക്കാമെങ്കിലും മനസ്സിനെയും ചിന്തയെയും തളർത്താനാവില്ലെന്ന പാഠം നൽകുന്ന സന്ദേശം എത്ര പ്രതീകാത്മകമായിട്ടാണ് നോവലിസ്റ്റ് വരച്ചുകാട്ടുന്നതെന്ന് കാണുക.

“ശക്തമായ ഒരടിയേറ്റ് കോളേരി തളർന്നുവീണു. ആരുടെയോ കാൽപ്പാട് അവന്റെ മുഖത്ത് പതിഞ്ഞു. മൂക്കിൽനിന്നും ചോര ഒലിച്ചു. അവർ കോളേരിയെ വിട്ട് ചുവന്ന കൊടി പറിച്ചു താഴെയിട്ടു. കത്തി കൊണ്ട് പല കഷ്ണങ്ങളായി നുറുക്കി ദൂരേക്കെറിഞ്ഞു. കോളനിയിലെ കുട്ടികൾ ചുവന്ന തുണിക്കഷ്ണങ്ങളിൽ ഈർക്കിൾ കൊരുത്ത് കൊടികളാക്കി സിന്ദാബാദ് വിളിച്ചു കോളനിക്ക് വലം വെച്ചു. തന്റെ കൊടി പെരുകിയത് കണ്ട് കോളേരി സന്തോഷത്തോടെ തളർന്നു കിടന്നു.’ അശാസ്ത്രീയ പദ്ധതികളുടെ ഇരകളായി ചെമ്പൻവയൽ പോലുള്ള പ്രദേശങ്ങൾ വളർന്നുകൊണ്ടിരിക്കുമ്പോൾ കോളേരിമാരെ മർദനമുറകൾ കൊണ്ട് തളർത്തിയാലും വരും തലമുറകൾ ഈർക്കിൾ കമ്പുകളിൽ കൊടികൾ കെട്ടിക്കൊണ്ടാണെങ്കിലും പുതിയ പ്രതിരോധ ശക്തികളുടെ പിറവി തീർക്കുമെന്ന പാഠം പ്രതീകാത്മകമായി അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ്.
ഇങ്ങനെ ഒരു കാലഘട്ടത്തിന്റെയും അടിമത്തം വരിച്ച ജനതയുടെ നിസ്സഹായതയെയും അവരിൽ നിന്ന് പലപ്പോഴും പൊറുതിമുട്ടി പുറത്തു വന്ന ചെറുത്തുനിൽപ്പുകളുടെയുമൊക്കെ കഥ പറയുമ്പോൾ നാടിന്റെ ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവും ജൈവ വൈവിധ്യങ്ങളും എല്ലാം അടയാളപ്പെടുത്തി 62 അധ്യായങ്ങളിലായി പരന്നുകിടക്കുകയാണ് ദേശത്തിന്റെ ജാതകം. നീളക്കൂടുതൽ വായനയുടെ ഗൗരവവും രസാനുഭൂതിയും തെല്ലും ചോർത്തിക്കളയാതെ ആവിഷ്‌കരിക്കുന്നതിൽ കൃതഹസ്തമായ രചനാപാടവം സൃഷ്ടിച്ച കെ ആർ വിശ്വനാഥൻ, മലയാളത്തിൽ ഇനിയും വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്നത് പരിഹരിക്കപ്പെടേണ്ട കുറവു തന്നെയാണ്. ഭൂതവും വർത്തമാനവും ഭാവികാലവും സമഞ്ജസമായി സമ്മേളിപ്പിച്ച് അതാത് കാലങ്ങളെ തനതായ രീതിയിൽ അടയാളപ്പെടുത്തുന്നതിൽ വിജയിച്ച ദേശത്തിന്റെ ജാതകം, ഒരർഥത്തിൽ കേരളത്തിന്റെ മൊത്തം രാഷ്ട്രീയ ജാതകങ്ങളെ വേണ്ട രീതിയിൽ കുറിച്ചു വെച്ച വലിയൊരു സർഗാത്മക സംരംഭമായിത്തന്നെ കരുതേണ്ടിയിരിക്കുന്നു. പൂർണ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. വില: 480 രൂപ.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
[email protected]