Connect with us

Editorial

അഭിപ്രായ സര്‍വേകള്‍ക്ക് പിന്നില്‍ ഒളി അജന്‍ഡ

Published

|

Last Updated

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അഭിപ്രായ സര്‍വേകള്‍ തുടരെ തുടരെ വന്നുകൊണ്ടിരിക്കയാണ്. വ്യത്യസ്തവും പരസ്പര വിരുദ്ധവുമാണ് വിവിധ ഏജന്‍സികളുടെ സര്‍വേ ഫലങ്ങള്‍. കഴിഞ്ഞ തവണത്തേക്കാള്‍ എന്‍ ഡി എക്ക് സീറ്റ് കുറവായിരിക്കുമെങ്കിലും മോദി സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തില്‍ വരാനാണ് സാധ്യതയെന്നാണ് ദ ഹിന്ദു ദിനപത്രത്തിനു വേണ്ടി നാഷനല്‍ ഇലക്ഷന്‍ സ്റ്റഡി, ലോക്‌നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്‌മെന്റ് സൊസൈറ്റീസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ സര്‍വേ ഫലം കാണിക്കുന്നത്. അതേസമയം, യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമാണ് മനോരമ ന്യൂസ് സര്‍വേ ഫലം. കേരളത്തില്‍ ആറ് മുതല്‍ 14 വരെ സീറ്റിന് സാധ്യതയുള്ള ഇടതു മുന്നണിക്കാണ് മുന്‍തൂക്കമെന്ന് ദ ഹിന്ദു പറയുമ്പോള്‍, എല്‍ ഡി എഫിനെ മൂന്ന് സീറ്റിലൊതുക്കി യു ഡി എഫ് 13 വരെ നേടുമെന്നാണ് മനോരമ ന്യൂസ് സര്‍വേ.

അടുത്ത കാലത്തായി എല്ലാ തിരഞ്ഞെടുപ്പ് വേളയിലും നടത്തപ്പെടാറുണ്ട് അഭിപ്രായ, സാധ്യതാ സര്‍വേകള്‍. ചിലപ്പോഴൊക്കെ ഫലങ്ങള്‍ ശരിയാകാറുമുണ്ട്. കൂടുതലും പാളിയതാണ് ചരിത്രം. ചില കുത്തക മാധ്യമങ്ങളും അഭിപ്രായ സര്‍വേയെ ഉപജീവനമാക്കിയ ഏജന്‍സികളുമാണ് ഇത് സംഘടിപ്പിക്കുന്നത്. വോട്ടര്‍മാരുടെ മനസ്സ് എവിടെ നില്‍ക്കുന്നുവെന്നറിയുകയാണ് ലക്ഷ്യമെന്നാണ് പറയാറുള്ളത്. എന്നാല്‍ വോട്ടര്‍മാരെ ഏതെങ്കിലും കക്ഷിക്കോ, മുന്നണിക്കോ അനുകൂലമായി സ്വാധീനിക്കുകയാണ് മിക്കവരുടെയും ലക്ഷ്യം. നിഷ്പക്ഷം, സ്വതന്ത്രം എന്നൊക്കെ അവകാശപ്പെടുമെങ്കിലും രാജ്യത്തെ പൊതു മാധ്യമങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഭരണം കൈയാളുന്നവരുടെയും രാഷ്ട്രീയ കക്ഷികളുടെയും ഉപ്പും ചോറും തിന്നുന്നവര്‍ അവരുടെ മുമ്പില്‍ വാലാട്ടാന്‍ കടപ്പെട്ടവരാണല്ലോ. പണം നല്‍കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കനുകൂലമായി എഴുതാനും വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പോലും ദേശീയ മാധ്യമങ്ങള്‍ സന്നദ്ധമാണെന്ന് 2018 മെയില്‍ കോബ്രാ പോസ്റ്റ് നടത്തിയ ഒളിക്യാമറാ ഓപറേഷനില്‍ ബോധ്യപ്പെട്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചില ദേശീയ മാധ്യമങ്ങള്‍ വന്‍തുക കൈപ്പറ്റി ബി ജെ പി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അതിന്റെ സത്യാവസ്ഥ അറിയാനാണ് കോബ്ര പോസ്റ്റ് ഓപറേഷന്‍ നടത്തിയത്. ആരോപണം വസ്തുതാപരമാണെന്ന് ഇതോടെ വ്യക്തമാകുകയും ചെയ്തു. ഇത്തരം മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേ നടത്തിയാല്‍ അതിന്റെ ഫലമെന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

അഭിപ്രായ സര്‍വേ നടത്തുന്നവര്‍ അതിന്റെ വിശദ വിവരങ്ങള്‍ ഒരിക്കലും പുറത്തു വിടാറില്ല. എത്ര സ്ഥലങ്ങളില്‍ എങ്ങനെയൊക്കെ, ഏതൊക്കെ മാനദണ്ഡമനുസരിച്ച് സര്‍വേ നടത്തിയെന്ന കാര്യങ്ങളൊക്കെ നടത്തിപ്പുകാര്‍ക്ക് മാത്രമറിയാവുന്ന രഹസ്യങ്ങളായി അവശേഷിക്കുകയാണ് പതിവ്. എത്ര വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടി, എന്തു മാര്‍ഗമാണ് സര്‍വേക്ക് ഉപയോഗിച്ചത്, ഏജന്‍സിയുടെ പശ്ചാത്തലം എന്നിത്യാദി കാര്യങ്ങള്‍ ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കണമെന്ന് ഇടക്കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ടായിരുന്നു. ആരും ഇക്കാലമത്രയും അതു ചെവികൊണ്ടിട്ടില്ല. സ്ഥിതിവിവര ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം പറയുന്നത്, മൊത്തം വോട്ടര്‍മാരുടെ ഏകദേശം 10 ശതമാനത്തെയെങ്കിലും പങ്കെടുപ്പിച്ചെങ്കില്‍ മാത്രമേ വിശ്വസനീയമായ ഫലപ്രാപ്തിയില്‍ എത്തിച്ചേരാനാകൂ എന്നാണ്. ഇതനുസരിച്ച് ഇന്ത്യയിലെ 81.41 കോടി വോട്ടര്‍മാരില്‍ നിന്ന് 8.14 കോടി പേരില്‍ നിന്നെങ്കിലും അഭിപ്രായം ആരായണം. ഏത് ഏജന്‍സിയാണ് അഭിപ്രായ ശേഖരണത്തില്‍ ഇത്രയും വോട്ടര്‍മാരെ പങ്കെടുപ്പിക്കാറുള്ളത്?

തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള അഭിപ്രായ സര്‍വേകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ 1997ല്‍ അതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. അന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഡോ. എം എസ് ഗില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായങ്ങള്‍ ആരാഞ്ഞപ്പോള്‍, അഭിപ്രായ സര്‍വേകള്‍ അശാസ്ത്രീയമാണെന്നും അതിന്റെ സംഘാടകര്‍ സ്വീകരിക്കുന്ന സാമ്പിളുകളുടെ എണ്ണവും സ്വഭാവവും വിശ്വാസ്യയോഗ്യമല്ലെന്നുമുള്ള നിലപാടാണ് പ്രധാന ദേശീയ പാര്‍ട്ടികളെല്ലാം സ്വീകരിച്ചത്.

ഇതടിസ്ഥാനത്തില്‍ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിലക്കേര്‍പ്പെടുത്താന്‍ കമ്മീഷന് ഭരണഘടനാപരമായ അവകാശമില്ലെന്ന നിരീക്ഷണത്തില്‍ 1999ല്‍ സുപ്രീം കോടതി വിലക്ക് ഒഴിവാക്കുകയായിരുന്നു. 2004ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ അഭിപ്രായ സര്‍വേകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ അവസാന പോളിംഗ് ദിനം വരെ പ്രസിദ്ധപ്പെടുത്തരുതെന്ന് വീണ്ടും ഉത്തരവിറക്കുകയുമുണ്ടായി. എങ്കിലും സാധ്യതാ പഠനമെന്ന പേരിലും മറ്റും ഇപ്പോഴും അത് തുടര്‍ന്നു വരുന്നു.
ഒരു വിധ സ്വാധീനത്തിനും വിധേയമാകാതെ വോട്ടര്‍ക്ക് സ്വയം ചിന്തയുടെ അടിസ്ഥാനത്തില്‍ സമ്മതിദാനം രേഖപ്പെടുത്താനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ മാത്രമേ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സ്വതന്ത്രവുമാകുകയുള്ളൂ. അഭിപ്രായ സര്‍വേ ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ പക്ഷം. ഇത് പൂര്‍ണമായി നിരോധിക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ട്. പല വിദേശ രാജ്യങ്ങളും ഇത്തരം സര്‍വേകള്‍ നിരോധിച്ചതാണ്. ദേശീയ മാധ്യമങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ക്ക് അടിയറ വെക്കേണ്ടതല്ല ജനാധിപത്യ താത്പര്യങ്ങള്‍.

Latest