Connect with us

National

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ജാമ്യ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ ജെ ഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ ലാലു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനും രാഷ്ട്രീയ ഇടപെടലുകളും നടത്താന്‍ സാധ്യതയുണ്ടെന്ന് സി ബി ഐ കോടതിയില്‍ വാദിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ജാമ്യം നിഷേധിച്ചത്.

24 മാസമായി താന്‍ ജയിലിലാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമുള്ള ലാലുവിന്റെ വാദം കോടതി തള്ളി. ലാലുവിന് നല്‍കിയ 14 വര്‍ഷത്തെ തടവുശിക്ഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 24 മാസം ഒന്നുമല്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കോടികളുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ലാലു കഴിഞ്ഞ എട്ടുമാസമായി അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.