Connect with us

Ongoing News

തിരഞ്ഞെടുപ്പ് പോരിന് വീര്യം കൂടുതൽ; സുരക്ഷയൊരുക്കുക പോലീസിന് ശ്രമകരം

Published

|

Last Updated

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ പോലീസ് ഏറെ പണിപ്പെടേണ്ടി വരും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി വോട്ടുകൾ നേടാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കൂടാതെ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം എൽ എമാരുമെല്ലാം ജനവിധി തേടുന്നതും സുരക്ഷ കൂട്ടുന്നതിന് ആക്കം കൂട്ടും. നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ തന്നെ പോലീസിന്റെ സുരക്ഷയും നിരീക്ഷണവുമെല്ലാം ശക്തമാക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും പോലീസിന് കനത്ത സുരക്ഷയാണൊരുക്കേണ്ടി വന്നത്. അടുത്ത ദിവസങ്ങളിൽ വീണ്ടും രാഹുൽ എത്തുമ്പോഴും പോലിസിന്റെ കാവൽ ശക്തിപ്പെടുത്തേണ്ടി വരും. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചാരണത്തിനെത്തും. അപ്പോഴും പോലീസ് തന്നെയായിരിക്കും സുരക്ഷാക്രമീകരണത്തിനായി ഏറെ വിയർപ്പൊഴുക്കേണ്ടി വരിക.

കഴിഞ്ഞ തവണകളിൽ ഉണ്ടായത് പോലെ ഇത്തവണയും കേന്ദ്രസേനയുടെ സാന്നിധ്യവും കേരളത്തിലെ മിക്ക ജില്ലകളിലുമുണ്ടാകും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളും ഇത്തവണയുണ്ടെന്നതും സുരക്ഷകൂട്ടുന്നതിന് കാരണമാകും.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം 2,126 ആയിരുന്നു. അന്ന് 21,424 ആയിരുന്നു പോളിംഗ് ബൂത്തുകളുടെ എണ്ണം. എന്നാൽ ഇത്തവണ 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 4,482 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. അതിൽ 817 ഗുരുതര പ്രശ്‌ന ബാധിത ബൂത്തുകളും 425 അതീവ ഗുരുതരബാധിത ബൂത്തുകളുമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന്റെ സുരക്ഷക്കായി 52,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചതെങ്കിൽ ഇത്തവണ അതിലും എത്രയോ അധികം സേനാബലം വേണ്ടിവരുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നതിനാൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനാണ് പോലീസ് തയ്യാറാകുക. നേരത്തേ നടന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ 75 ശതമാനത്തിലധികം വോട്ട് നേടിയ ബൂത്തുകൾ കണ്ടെത്തി നിരീക്ഷിക്കുകയും ഇത്തരം ബൂത്തുകളുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് നേരത്തെ തന്നെ ശേഖരിക്കുകയും ചെയ്തിരുന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2016 നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ഓരോ സ്ഥാനാർഥിയുടേയും ബൂത്തുതലത്തിലെ വോട്ടിംഗ് ശതമാനമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാണ് പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കിയിരുന്നത്.

പോളിംഗ് സമയത്ത് ആ ബൂത്തിനോടുചേർന്നുണ്ടായ ആക്രമണങ്ങൾ, കള്ള വോട്ട് പരാതികൾ, മറ്റ് പരാതികൾ എന്നിവയെല്ലാം പട്ടിക തയ്യാറാക്കി നൽകുന്നതിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് രേഖകളിൽ പ്രശ്‌നബാധിതമെന്ന് രേഖപ്പെടുത്തിയ ബൂത്തുകളിൽ അസി. റിട്ടേണിംഗ് ഓഫിസർമാർ പരിശോധന നടത്തും. പ്രശ്‌നബാധിത ബൂത്തുകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയാണ് കണ്ണൂരെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

1,079 പ്രശ്‌നബാധിത ബൂത്തുകൾ ജില്ലയിലുണ്ടെന്ന് പോലിസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ തിരഞ്ഞെടുപ്പ് കാലത്തെ ക്രമസമാധാന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. പ്രചാരണഘട്ടത്തിലുണ്ടാകുന്ന സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയിൽ മാറ്റം വരാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി