Connect with us

Articles

രാഷ്ട്രീയ സംവാദങ്ങളില്‍ നുരയുന്നതും മറയുന്നതും

Published

|

Last Updated

രമ്യ ഹരിദാസ്, പി കെ ബിജു

നോക്കൂ, രാഹുല്‍ ഗാന്ധിയുടെ ആക്ഷേപപ്പേര് മുഖപ്രസംഗത്തിന്റെ തലക്കെട്ടാകുന്നതും രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിക്കുന്നതും മീന്‍ ചൂരിന്റെ ഇംഗ്ലീഷ് വാക്കും എം എം മണിയുടെ നിറവും ഡോ. പി കെ ബിജുവിന്റെ ഡോക്ടറേറ്റുമൊക്കെയാണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പു ചര്‍ച്ചകളാകുന്നത്. അഞ്ച് വര്‍ഷമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആര്‍ എസ് എസ് ഭരണകൂട ഭീകരതയുടെ സംവാദമണ്ഡലം ഇപ്പോള്‍ എവിടെയാണ്. കാവി, ബീഫ്, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ മനുഷ്യത്വവിരുദ്ധവും ദേശവിരുദ്ധവുമായ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കെതിരെ മതേതര ഇന്ത്യന്‍ സമൂഹം വികസിപ്പിച്ചു കൊണ്ടുവന്ന അസഹിഷ്ണുതാവിരുദ്ധ ജനാധിപത്യ ബോധ്യങ്ങളെ ഇപ്പോള്‍ നാം എവിടെ/ എങ്ങനെയാണ് മറച്ചുപിടിച്ചിരിക്കുന്നത്. നടേപറഞ്ഞ വിദ്വേഷ രാഷ്ട്രീയത്തിന്റെയെല്ലാം പ്രതീകവും നായകനുമായി നിന്ന നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ഉറച്ച രാഷ്ട്രീയ നയങ്ങളും നിലപാടുകളും എത്ര വേഗമാണ് കീഴ്‌മേല്‍ മറിഞ്ഞത്.

ബീഫ് കൊലപാതകങ്ങളുള്‍പ്പടെ ദേശീയതലത്തില്‍ മതേതര രാഷ്ട്രീയ ശാക്തീകരണത്തിനിടയാക്കിയ ഘട്ടങ്ങളെ ഉയര്‍ന്ന സ്പിരിറ്റില്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും പ്രതിരോധങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത കേരളത്തിന്റെ സ്ഥിതി നോക്കൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നാട്ടിലെ സംവാദങ്ങളുടെയും രാഷ്ട്രീയ പ്രസ്താവനകളുടെയും മുന്‍ഗണനകള്‍ എന്തെല്ലാമാണ്. ബീഫ് ഫെസ്റ്റുകളും മാനവ, അമാനവ സംഗമങ്ങളും പുരസ്‌കാര നിഷേധങ്ങളും കുമ്മനടി ട്രോളുകളുമെല്ലാം കുത്തിയൊലിച്ചു പോകുകയും രമ്യ ഹരിദാസിന്റെ നാടന്‍ പാട്ടും അവരുടെ രാഷ്ട്രീയ സന്ദര്‍ശനങ്ങളും വലിയ ചര്‍ച്ചകളാകുകയാണ്.

ഫാഷിസത്തിനെതിരെയുള്ള പ്രതിരോധത്തില്‍ ധീരമായ ഒച്ചകളുയര്‍ത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പോലും തിരഞ്ഞെടുപ്പിന്റെ പാര്‍ലിമെന്റ് മണ്ഡലത്തിലെത്തിയപ്പോള്‍ തറകളായി മാറുകയും ഫാഷിസം ഉത്പാദിപ്പിക്കുന്ന എല്ലാതരം ഭീഷണികളെയും വിസ്മരിക്കുകയും ചെയ്തിരിക്കുന്നു. ഓര്‍മകളെ മായ്ച്ചുകളയുകയും ഇക്കിളികള്‍ ഉണര്‍ത്തുകയും അരാഷ്ട്രീയ സമൂഹം അതിന്റെ ആനന്ദത്തിലമരുന്നതിന്റെ പഴുതില്‍ അധികാരം പിടിച്ചടക്കുകയും ചെയ്യുക എന്നത് സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും പയറ്റിത്തെളിഞ്ഞ കുറുക്കുവഴികളാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഈ സ്ഥിതി ശരിക്കും ബോധ്യപ്പെടുത്തുന്നുണ്ട്.

രാജ്യം വര്‍ഗീയം, മതേതരം എന്നീ ഇരു ചേരികളിലാകുകയും നരേന്ദ്ര മോദി- രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ അവ രാഷ്ട്രീയ ഭൂപടത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിടത്തുനിന്നാണ് ഇന്ത്യ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്. ഇടതുപക്ഷമുള്‍പ്പടെയുള്ള പാര്‍ട്ടികളും തിരഞ്ഞെടുപ്പിനു മുന്നേ തന്നെ മതേതര ചേരിയെ ശക്തിപ്പെടുത്തുന്ന നിലപാടെടുത്തു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെയും രാഹുല്‍ എന്ന നായകത്വത്തെയും അംഗീകരിക്കാന്‍ പോലും സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിമുഖത കാട്ടിയില്ല. കാരണം, നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ഫാഷിസത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുക എന്ന മുന്‍ഗണനയായിരുന്നു. അപ്പോഴും സംഘ്പരിവാറിന് വേരോട്ടം സാധിച്ചിട്ടില്ലാത്ത കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് ഇടതുമുന്നണി, ഐക്യമുന്നണി എന്നീ രാഷ്ട്രീയ എതിര്‍പക്ഷങ്ങളായി നിന്നു. ദേശീയ, പ്രാദേശിക, വികസന വിഷയങ്ങളുയര്‍ത്തി അവര്‍ മത്സരത്തിന് തയ്യാറെടുത്തു. രാഷ്ട്രീയ നിലപാടില്‍ ആരാണ് മെച്ചം എന്ന ചോയ്‌സ് വോട്ടര്‍മാര്‍ക്കു മുന്നില്‍ വെച്ചുള്ള ജനാധിപത്യത്തിലെ സര്‍ഗാത്മക പോരാട്ടമായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നു പ്രതീക്ഷിച്ചു. രാഷ്ട്രീയപരമായും വികസനപരമായും ഫലപ്രദമായ സംവാദത്തിനു വെക്കാവുന്നവിധം മികച്ച സ്ഥാനാര്‍ഥികളുമായി ഇടതുപക്ഷം രംഗത്തുവന്നു. അഞ്ച് എം എല്‍ എമാരെ രംഗത്തിറക്കി പതിവു തെറ്റിച്ചത് വലിയ ചര്‍ച്ചയാക്കാനിടം നല്‍കാതെ എം എല്‍ എമാര്‍ ഉള്‍പ്പെട്ട പട്ടികയുമായി ഐക്യമുന്നണിയും വന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസും ശ്രദ്ധ പുലര്‍ത്തി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പിയുടെ സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കത്തിലുടക്കി. പക്ഷേ, അപ്പോഴേക്കും ഇടതു വലതു മുന്നണികള്‍ തങ്ങളുടെ തറവേലകള്‍ കൊണ്ട് ചര്‍ച്ചകള്‍ വഴിതിരിച്ചു തുടങ്ങിയിരുന്നു.

കെ കെ രമയുടെ രാഷ്ട്രീയ സദാചാരം, രമ്യ ഹരിദാസിന്റെ പാട്ട്, പി കെ ബിജുവിന്റെ ഡോക്ടറേറ്റ്, ഇന്നസെന്റിന്റെ നടനവൈഭവം ഇവയൊക്കെയായി സംവാദ വിഷയങ്ങള്‍. വി ടി ബല്‍റാം, എം സ്വരാജ്, ശാഫി പറമ്പില്‍ തുടങ്ങിയ യുവ പ്രതിനിധികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ സംവാദങ്ങള്‍ പോലും ഫേസ്ബുക്ക് ട്രോളുകളുടെ നിലവാരത്തിലും തെരുവു പ്രസംഗങ്ങള്‍ക്കു ചേരുന്ന ഉള്ളടക്കത്തിലുമായി.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന് ബഹുമുഖ രാഷ്ട്രീയ മാനങ്ങളുണ്ട്. ദക്ഷിണേന്ത്യ, ഫാഷിസ്റ്റ്‌വിരുദ്ധം, വിഭജനവിരുദ്ധം എന്നെല്ലാം കോണ്‍ഗ്രസ് പറയുന്നു. അപ്പോഴും രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന മുഖ്യരാഷ്ട്രീയ പ്രശ്‌നത്തില്‍ അവരുമായി ആശയപരമായി കൂടെ നില്‍ക്കുന്ന ഇടതുപക്ഷത്തിനെതിരായ മത്സരം എന്നത് വയനാട്ടില്‍ മുഴച്ചു നില്‍ക്കും. ദേശീയതലത്തില്‍ വരെ ഉയര്‍ത്തപ്പെട്ട സംവാദങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് അങ്ങനെയൊരു തീരുമാനമെടുത്തതോടെ ക്രിയാത്മക രാഷ്ട്രീയബോധത്തില്‍ നിന്ന് വേണമായിരുന്നു പ്രതിരോധവും സംവാദവും. അതേസമയം, സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പോരാളികള്‍ നടത്തുന്ന തീവ്ര വിമര്‍ശനങ്ങളെ അവയുടെ പാട്ടിനു വിടാന്‍ പറ്റാതായിരിക്കുന്നു. സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളെയും സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. ട്രോളന്‍ നിലവാരത്തില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ വരുന്നു. അസഹിഷ്ണുതക്കെതിരെ സഹിഷ്ണുതയുടെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടിരിക്കെ തന്നെ അസഹിഷ്ണുതയുടെ നുരകളാണ് പപ്പുവിളികളിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

സ്ത്രീവിരുദ്ധവും ദളിത്‌വിരുദ്ധവും മാനവികവിരുദ്ധവുമായ എല്ലാ തറവേലകളും പതിക്കപ്പെടുക തന്നെയാണ്. അടക്കിവെച്ച ജാതി അധമ ബോധങ്ങളും ബ്രാഹ്മണ്യ വിചാരങ്ങളും ആലത്തൂരിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കു നേരെയും പുറത്തു ചാടി. തുണി പൊക്കിക്കാണിക്കുക എന്ന നാടന്‍ തറവേലയോട് ചേര്‍ത്തുവെക്കാവുന്ന ഇടപെടലുകളാണ് രാജ്യത്തെ അതിപ്രധാനമായ തിരഞ്ഞെടുപ്പു വേളയില്‍ സാംസ്‌കാരിക മലയാളം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന ഹിന്ദു രാഷ്ട്രീയത്തിന്റെ അതിതീവ്ര രാക്ഷസരൂപങ്ങള്‍ എത്ര വേഗമാണ് ഒളിക്കപ്പെട്ടത്. വംശീയ ഉന്മൂലനങ്ങള്‍, വ്യാജ സംഘട്ടനങ്ങള്‍, അരും കൊലകള്‍, ചരിത്ര ധ്വംസനങ്ങള്‍ എന്നിവയെല്ലാം എത്ര ഭംഗിയായാണ് ചില വാക്കുകള്‍ കൊണ്ടും പോസ്റ്റുകള്‍ കൊണ്ടും ഡിലീറ്റ് ചെയ്യപ്പെട്ടത്. റാഫേല്‍ പോലുള്ള കോടികളുടെ അഴിമതികള്‍, രാജ്യത്തെ തന്നെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞ കോര്‍പറേറ്റ് ആധിപത്യങ്ങള്‍, ഇന്ധനവില, നോട്ടുനിരോധനം, കര്‍ഷകദുരിതം, തൊഴിലില്ലായ്മ തുടങ്ങിയവയൊന്നും വാര്‍ത്താ തലക്കെട്ടുകള്‍ പോലും ആകുന്നില്ല. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം മാത്രം ചര്‍ച്ച ചെയ്ത് ഒരാഴ്ച തള്ളിനീക്കിയ നാം പിന്നെയും രമ്യയുടെ പാട്ടും തരൂരിന്റെ ഭാഷയും ഉണ്ണിത്താന്റെ ഉടുമുണ്ടും ചര്‍ച്ച ചെയ്യുന്നു.

ഇപ്പോള്‍ നരേന്ദ്ര മോദി ഫാഷിസ പ്രതിരൂപമായി മലയാളികളുടെ മുന്നിലില്ല. പ്രളയകാലത്ത് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ നിന്ന ക്രൈസിസ് മാനേജര്‍ പിണറായി വിജയനില്ല. ജനസമ്പര്‍ക്കത്തിന്റെ ഉമ്മന്‍ ചാണ്ടിയുമില്ല. സ്ത്രീയവകാശം, നവോത്ഥാനം, കേരളഭരണം, പ്രതിപക്ഷം..ഒന്നുമില്ല. ഉള്ളത് കുറച്ച് ട്രോളുകളാണ്. പിന്നെ കുമ്മനം കുളത്തിലിറങ്ങിയതും അല്‍ഫോണ്‍സിന് മണ്ഡലം മാറിയതും എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റും ചെര്‍പ്പുളശ്ശേരിയിലെ ഗര്‍ഭവും. കണക്കുകളും ചരിത്രവും നിരത്തി പറയുന്നവ പോലും 2019ല്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ആര്‍ എസ് എസിനെ അകറ്റി നിര്‍ത്താന്‍ പര്യാപ്തമാകുന്നതല്ല. രാഷ്ട്രീയ കേരളം ഇങ്ങനെ ആശയം മറക്കുമ്പോള്‍ സ്വാഭാവികമായും ഉണര്‍ന്നിരിക്കേണ്ട മാധ്യമങ്ങളും പക്ഷേ, ഓരോ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കാത്തിരിക്കുകയാണ്. ഓണ്‍ലൈനില്‍ കൂടുതല്‍ റീച്ച് കിട്ടുന്ന തലക്കെട്ടുകള്‍ക്കപ്പുറം ദേശീയ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനഗൗരവം മാധ്യമ വാര്‍ത്തകളിലോ ചര്‍ച്ചകളിലോ മുഖ്യ ഇനമായി സ്വീകരിക്കപ്പെടുന്നില്ല. റേറ്റിംഗ് സ്വാധീനത്തിന്റെ രസക്കൂട്ടുകള്‍ നരേന്ദ്ര മോദിയെയും ബി ജെ പിയെയും രക്ഷിച്ചെടുക്കുക തന്നെയാണ്. വയനാട് ചര്‍ച്ച ചെയ്യുന്നതിനിടെ കനയ്യ കുമാറിനെയും അരവിന്ദ് കെജ്‌രിവാളിനെയും പോലും നാം മറന്നു പോകുന്നുണ്ട്. ഗോവിന്ദ് പന്‍സാരയെയും എം എം കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും എന്തായാലും നാം മറന്നു കഴിഞ്ഞു.

അലി അക്ബര്‍, taaliakbar@gmail.com

---- facebook comment plugin here -----

Latest