Connect with us

Kerala

ബിഷപ്പിനെതിരെ കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകൾ വീണ്ടും സമരത്തിന്

Published

|

Last Updated

കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ലൈംഗിക പീഡന കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുന്നു. ഈ മാസം ആറിന് കൊച്ചിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് തീരുമാനം.
ഇന്നലെ ചേർന്ന സേവ് അവർ സിസ്റ്റേഴ്‌സ് ആക്‌ഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തിൽ പങ്കെടുക്കും.

2017 ജൂൺ 27നാണ് കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസമുണ്ടായതിന് കടുത്ത വിമർശമുയർന്നിരുന്നു. ഇതോടെ പ്രതിക്ക് സർക്കാറിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയർന്നു.

തൊട്ടുപിറകെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പ്രത്യക്ഷ സമരവും തുടങ്ങി. ഇതിനുശേഷമാണ് ഇക്കഴിഞ്ഞ സെപ്തംബർ 21 ന്് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഈ അറസ്റ്റ്. എന്നാൽ അറസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. ഇതോടെ കഴിഞ്ഞ മാർച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ കോട്ടയം എസ് പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കും എന്നായിരുന്നു അന്ന് എസ് പിനൽകിയ മറുപടി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിനിറങ്ങാൻ കന്യാസ്ത്രീകൾ തീരുമാനിച്ചത്.