Connect with us

Techno

വ്യാജനെ പിടികൂടാം; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്‌

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്, വ്യാജപ്രചാരണം തടയാൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇതിനായി “ഇമേജ് സെർച്ച്” എന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലേക്ക് സ്വീകരിക്കുന്നതും തിരിച്ചയക്കുന്നതുമായ ചിത്രങ്ങളെ വെബിൽ തിരയാനുള്ള സൗകര്യം ഇതുവഴി ലഭ്യമാകും.

ഒരു ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയാണോ വ്യാജമാണോയെന്ന് ഗൂഗിളിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് പരിശോധിക്കാം. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സേർച്ചാണ് വാട്സ്ആപ്പുമായി ബന്ധിപ്പിക്കുന്നത്. ഉപയോക്താവിന്റെ കൈയിലുള്ള ചിത്രം അപ് ലോഡ് ചെയ്താൽ സമാന ചിത്രങ്ങളുടെ വിവരങ്ങൾ നൽകുന്ന സൗകര്യമാണിത്. ഇതിനായി സെർച്ച് ഇമേജ് എന്ന പേരിൽ പ്രത്യേക ടാബ് ചാറ്റ് വിൻഡോയിൽ പ്രത്യക്ഷപ്പെടും. ഈ ടാബ് ഉപയോഗിച്ച് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താം. ഒരു ചിത്രം ലഭിച്ച ശേഷം സെർച്ച് ഇമേജ് ഓപ്ഷൻ നൽകിയാൽ വാട്സ്ആപ്പിൽ ഗൂഗിൾ ബ്രൗസർ തുറന്നു വരികയും വിവരങ്ങൾ ലഭ്യമാകുകയും ചെയ്യും. ഇതു വഴി വാർത്തകളുടെ ആധികാരികത പരിശോധിക്കാനാകും. സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സോഷ്യൽ മീഡിയയിലെ ഇടപെടലിന് കനത്ത നിരീക്ഷണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു സവിശേഷതയുമായി വാട്സ്ആപ്പ് രംഗത്തെത്തുന്നത്. അതേസമയം, ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവക്ക് നൽകിയ പോലുള്ള മാർഗനിർദേശങ്ങൾ വാട്സ്ആപ്പിന് നൽകിയിട്ടില്ല. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ഫീച്ചർ, എന്നു മുതൽ ലഭ്യമാകുമെന്നതോ ആൻഡ്രോയ്ഡ് ഫോണുകളിലാണോ ഐഫോണിലാണോ ലഭ്യമാകുകയെന്നതോ കമ്പനി വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിന് മേൽ സർക്കാറിന്റെ സമ്മർദം ഏറിയതോടെയാണ് കൂടുതൽ സുരക്ഷാ നടപടികളിലേക്ക് കമ്പനി നീങ്ങുന്നത്. വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ നടപടി വേണമെന്നാണ് സർക്കാറിന്റെ ആവശ്യം. കഴിഞ്ഞ വർഷം വ്യാജ വാർത്തകളെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഒരു ഡസനിലേറെ പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

“ഫോർവേഡിംഗ് ഇൻഫോ”, “ഫ്രീക്വന്റ്‌ലി ഫോർവേഡഡ്” എന്നിങ്ങനെ രണ്ട് സംവിധാനങ്ങൾ കൂടി പുതിയതായി വാട്‌സ്ആപ്പിൽ എത്തിയിട്ടുണ്ട്. നിങ്ങൾ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് “ഫോർവേഡിംഗ് ഇൻഫോ”. മെസേജ് ഇൻഫോ സെക്ഷനിൽ നിന്നും ഈ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളിൽ ലോംഗ് പ്രസ് ചെയ്തതിന് ശേഷം മുകളിൽ തെളിയുന്ന ഇൻഫോ ഐക്കൺ തിരഞ്ഞെടുക്കുക. ഒരു സന്ദേശം നിരവധി തവണ പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നൽകുന്നതാണ് “ഫ്രീക്വന്റിലി ഫോർവേഡഡ്” ലേബൽ. ഒരാൾ നാല് പ്രാവശ്യത്തിൽ കൂടുതൽ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് “ഫ്രീക്വന്റ്‌ലി ഫോർവേഡഡ്” ലേബൽ കാണുക. പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് പേർക്ക് ലഭ്യമായി തുടങ്ങിയെന്നാണ് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ 2.19.80 ആൻഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ ഫീച്ചർ ലഭ്യമാകുക. വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിൽ ഫോർവേഡഡ് മെസേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഫോർവേഡ് മെസേജിൽ രണ്ട് പുതിയ അപ്‌ഡേറ്റുകൾ കൂടി അവതരിപ്പിക്കുന്നത്. ഏറ്റവും അധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുന്ന “റാങ്കിംഗ്” എന്നൊരു ഫീച്ചർ കൂടി വാട്സ്ആപ്പ് അവതരിപ്പിക്കും. ഉപയോക്താവ് ഏറ്റവും കൂടുതൽ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതൽ ലൈവായി നിർത്തുകയാണ് ഈ ഫീച്ചറിലുടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. കൂടുതൽ ചാറ്റ് ചെയ്ത സുഹൃത്ത് അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റുമെല്ലാം വാട്സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും. ഇതിനുള്ള മുൻഗണനാക്രമം വാട്സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് മുൻഗണന വർധിക്കുക. വാട്സ്ആപ്പ് കോളിംഗ് കൂടുതൽ ചെയ്യുന്നതും മുൻഗണന കൂടാൻ സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

യാസർ അറഫാത്ത് നൂറാനി
.yaazar.in@gmail.com

ഗൂഗിളിന്റെ “ഇൻബോക്‌സ്” അപ്രത്യക്ഷമാകുന്നു