Connect with us

Kerala

ആറാതെ ചൂട്; ആശ്വാസ മഴ

Published

|

Last Updated

കനത്ത് ചൂട് തുടരുന്ന സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചത് ആശ്വാസമായി. കൂടുതൽ സ്ഥലങ്ങളിലും ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാത ജാഗ്രതാ മുന്നറിയിപ്പ് ഇന്നുകൂടി തുടരാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് വയനാട് ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊടും ചൂടിൽ ആശ്വാസമായി വയനാട് ഉൾപ്പെടെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്നലെ നേരിയ തോതിൽ മഴ പെയ്തു. വരും ദിവസങ്ങളിലും കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ സൂര്യതാപമേറ്റവരുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. ഇന്നലെ 61 പേർക്ക് പൊള്ളലേറ്റു. ഇവരിൽ കോട്ടയം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് സൂര്യാഘാതവും 59 പേർക്ക് സൂര്യാതപവുമാണ് ഏറ്റത്. മുപ്പത് പേർക്ക് ഹീറ്റ്‌റാഷും അനുഭവപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടാണ് ഏറ്റവും കൂടുതൽ പേർക്ക് പൊള്ളലേറ്റത്. പതിമൂന്ന് പേരാണ് സൂര്യാതപമേറ്റ് ഇവിടെ ചികിത്സ തേടിയത്. തൊട്ടടുത്ത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 11 പേർക്ക് സൂര്യാതപമേറ്റു.

ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഏഴ് പേർക്ക് വീതവും കണ്ണൂർ അഞ്ച് പേർക്കും കൊല്ലത്ത് നാല് പേർക്കും കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും എറണാകുളം, മലപ്പുറം ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് സൂര്യാതപമേറ്റത്.

Latest