ഭൂമിയിലും ആകാശത്തും മിന്നലാക്രമണത്തിനുള്ള കരുത്തുണ്ടായത് കാവല്‍ക്കാരനു മാത്രം: മോദി

Posted on: March 28, 2019 2:52 pm | Last updated: March 28, 2019 at 4:46 pm

മീററ്റ്: ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള ചങ്കുറപ്പ് കാവല്‍ക്കാരന് മാത്രമെ ഉണ്ടായുള്ളൂവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍ ഡി എ സര്‍ക്കാര്‍ രാജ്യത്ത് നിരവധി കാര്യങ്ങള്‍ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ ആദ്യ പ്രചാരണ റാലിക്ക് യു പിയിലെ മീറ്ററില്‍ തുടക്കമിട്ട് പ്രസംഗിക്കുകയായിരുന്നു മോദി.

തീരുമാനങ്ങള്‍ എടുക്കാനും അവ പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞ സര്‍ക്കാറാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേന്ദ്രത്തിലുണ്ടായിരുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി നിരവധി സര്‍ക്കാറുകള്‍ മുന്‍ കാലങ്ങളില്‍ അധികാരത്തില്‍ വന്നുവെങ്കിലും പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കിയ ഒരു സര്‍ക്കാര്‍ ഇതാദ്യമാണ്.

തന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളും ഉടന്‍തന്നെ നിങ്ങളുടെ മുമ്പിലെത്തും. രാജ്യത്തിന്റെ വികസനമാണ് ബി ജെ പിയുടെ ലക്ഷ്യം. വര്‍ഷങ്ങളോളം ഭരിച്ചിട്ടും ജനങ്ങള്‍ക്കായി ഒരു ബേങ്ക് അക്കൗണ്ട് പോലും തുറക്കാന്‍ സാധിക്കാത്തവരാണ് അക്കൗണ്ടിലേക്ക് നേരിട്ടു പണം നല്‍കുമെന്ന് പറയുന്നത്. അവര്‍ക്ക് എന്തു ചെയ്യാനാണ് കഴിയുക.

ബഹിരാകാശ മേഖലയില്‍ കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം എത്ര നിസ്സാരമായാണ് തള്ളിക്കളഞ്ഞത്. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തെ നാടകമെന്ന് വിശേഷിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്തത്. വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങളും സൈനികര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ആവശ്യപ്പെട്ടപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അവഗണിക്കുകയായിരുന്നു. രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങളാണ് അവര്‍ സ്വീകരിച്ചത്- മോദി പറഞ്ഞു.

ALSO READ  കൊവിഡിനൊപ്പം രാജ്യം പല വെല്ലുവിളികളും നേരിടുന്നു: മോദി