Connect with us

Sports

ഗോൾ നിറച്ച് ഫ്രാൻസ്, ഇംഗ്ലണ്ട്; പോർച്ചുഗലിന് വീണ്ടും സമനില

Published

|

Last Updated

ഇംഗ്ലണ്ടിന്റെ റോസ് ബാർക്കിലിയുടെ മുന്നേറ്റം

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാൻസ്, ഇംഗ്ലണ്ട്, അൽബേനിയ, യുക്രൈൻ ടീമുകൾക്ക് ജയം. ഇംഗ്ലണ്ടും ഫ്രാൻസും ഗോളടിച്ച് നിറച്ച് വിജയം ആഘോഷിച്ചപ്പോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയില്‍ കുരുങ്ങി.
മോണ്ടിനെഗ്രോയെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മോണ്ടിനെഗ്രോയുടെ ഒരു ഗോളിനെതിരെ അഞ്ച് ഗോളുകളാണ് ഇംഗ്ലീഷുകാർ അടിച്ചു കയറ്റിയത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. ഐസ്‌ലാഡാണ് അവരുടെ ഗോൾ മഴയിൽ തോൽവിയറിഞ്ഞത്.

ദുര്‍ബലരായ എതരാളികള്‍ക്കെതിരെ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. യുവ താരങ്ങൾക്ക് അവസരം നൽകി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചായിരുന്നു മോണ്ടിനെഗ്രോയുടെ തുടക്കം. കളിയുടെ 17ാം മിനുട്ടിൽ മാർകോ വെസോവിച്ചിലൂടെ അവർ ലീഡ് നേടി. എന്നാൽ, പിന്നീട് കളി ഇംഗ്ലണ്ടിന്റെ കോർട്ടിലേക്ക് വന്നു. റോസ് ബാർക്കിലിയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ അഞ്ച് ഗോളുകളാണ് അവർ വഴിക്കുവഴിയേ മടക്കി നൽകിയത്. മൈക്കിള്‍ കീന്‍ (30), ഹാരി കെയ്ന്‍ (71), റഹീം സ്റ്റര്‍ലിംഗ് (80) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. 38, 59 മിനുട്ടുകളിലായിരുന്നു ബാര്‍ക്ക്‌ലിയുടെ ഗോളുകൾ. കഴിഞ്ഞ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾകൾക്ക് ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു.

ഫ്രാന്‍സും തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്നലെ ആഘോഷിച്ചത്. സാമുവല്‍ ഉംറ്റിറ്റി (12), ഒലിവര്‍ ജിറൂഡ് (68), കിലിയന്‍ എംബാപ്പെ (78), ആന്റോണിയോ ഗ്രിസ്മാന്‍ (84) എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. മത്സരത്തിന്റെ ഏറെയപങ്കും പന്ത് കൈവശംവെച്ച് ആക്രമണ ഫുട്‌ബോളാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ മോള്‍ദോവക്കെതിരെ 4-1നായിരുന്നു ഫ്രാന്‍സിന്റെ ജയം.
നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പക്ഷേ, രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. സെർബിയക്കെതിരെ ഒറ്റഗോൾ സമനിലയാണ് അവർക്ക് നേടാനായത്. ഏഴാം മിനുട്ടിൽ ദുസന്‍ ടെഡിക് നേടിയ ഗോളിലൂടെ സെര്‍ബിയ തുടക്കം തന്നെ പോർച്ചുഗലിനെ ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ, 42ാം മിനുട്ടിൽ ഡാനിലോ പേരേരിയയിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനാകാതെ വന്നപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇതിന് മുന്പ് നടന്ന മത്സരത്തിൽ യുക്രൈനാണ് പോർച്ചുഗലിനെ സമനിലപ്പൂട്ടിട്ട് പൂട്ടിയത്.

മറ്റ് മത്സരങ്ങളിൽ മോള്‍ദോവയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തുർക്കിയും അന്‍ഡോറയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽബേനിയയും പരാജയപ്പെടുത്തി. ലക്‌സംബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുക്രൈന്‍ തുരത്തി. കൊസോവോ- ബള്‍ഗേറിയ 1-1ന്റെ സമനിലയിൽ അവസാനിച്ചു.