മണ്ഡലം കോൺഗ്രസ് നേതാവ് പൊന്നാനിയിൽ മത്സരിക്കും

Posted on: March 27, 2019 10:49 am | Last updated: March 27, 2019 at 11:51 am


തിരൂർ: മുസ്‌ലിം ലീഗ് വിമർശനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് ഭാരവാഹി പുതിയ പാർട്ടി രൂപികരിച്ച് മത്സര രംഗത്തേക്ക്. പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് ഭാരവാഹിയായ യൂനുസ് സലീമാണ് “മലയാളി കോൺഗ്രസ്’ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി പൊന്നാനിയിൽ നിന്ന് മത്സരിക്കുന്നത്.

കോൺഗ്രസിന്റെ മഹനീയ ആദർശങ്ങളിലും മൂല്യങ്ങളിലും ഉറച്ചു നിന്ന് പോരാടുമെന്ന് യൂനുസ് സലീം അറിയിച്ചു. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉയർത്തിപ്പിടിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും നാടിന്റെ വികസനം തിരിച്ചു കൊണ്ടുവരാനും വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ചെയർമാനായി യൂനുസ് സലീമിനെയും ജനറൽ സെക്രട്ടറി ആയി അബ്ദുർറഹ്മാൻ ചോലയിലിനെയും തിരഞ്ഞെടുത്തു. പോഷക ഘടകങ്ങളായ മലയാളി യൂത്ത് കോൺഗ്രസിന്റെയും മലയാളി സ്റ്റുഡന്റ്സ് യൂനിയന്റെയും കൺവെൻഷൻ ഏപ്രിൽ 14ന് തിരൂരിൽ സംഘടിപ്പിക്കുമെന്നും യൂനുസ് അറിയിച്ചു.