Connect with us

Kerala

കടലിനും ഉഷ്ണം; മീനുകൾ ഉൾവലിയുന്നു

Published

|

Last Updated

കൊച്ചി: പുറം കടലിലെ ചൂട് മൂലം മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് വലിയുന്നത് സംസ്ഥാനത്ത് മത്സ്യ ലഭ്യത കുറക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അനുഭവപ്പെട്ടതിന് സമാനമായ രീതിയിലാണ് ഇക്കുറിയും മത്സ്യലഭ്യതയിൽ കുറവു കാണുന്നത്.

കത്തുന്ന വെയിലിൽ ഉപരിതല മത്സ്യബന്ധനം ലക്ഷ്യമിട്ട് കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾ പലരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെറും കൈയോടെയാണ് തിരിച്ചുവരുന്നത്. കൊടുംചൂട് കാരണം മീനുകളെല്ലാം അടിത്തട്ടിലേക്ക് മാറുന്നതാണ് മത്സ്യലഭ്യതയിലെ കുറവിന് കാരണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഏതാനും ദിവസം മുമ്പ് മത്തി, നത്തോലി പോലുള്ള മീനുകൾ യഥേഷ്ടം ലഭിച്ചിരുന്നത് ഇപ്പോൾ കുറവാണ്. സാധാരണ കടലിന്റെ ചൂട് മാർച്ച്- എപ്രിൽ മാസങ്ങളിൽ പരമാവധി 26 ഡിഗ്രി സെൽഷ്യൽസ് ആണ് രേഖപ്പെടുത്താറ്. എന്നാൽ അടുത്ത ദിവസങ്ങളിലായി മിക്കയിടത്തും മൂന്നോ നാലോ ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയിട്ടുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനത്തിൽ കടലിന്റെ അടിത്തട്ടിൽ അനുഭവപ്പെടുന്ന മർദ വ്യത്യാസത്തെ തുടർന്ന് ഒഴുക്കിലുള്ള ദിശാമാറ്റം, കടൽ കാറ്റ്, ആഴക്കടലിൽ വെള്ളം ചൂടാകൽ എന്നിവയെല്ലാമാണ് മത്സ്യങ്ങൾ മറ്റിടങ്ങളിലേക്ക് പോകുന്നതിന് കാരണമെന്ന് ഗവേഷകൻ സുനിൽ മുഹമ്മദ് പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ മീനുകൾ കടലിലേക്ക് ഉൾവലിയാറുണ്ട്. ഇത്തവണ ഇത് നേരത്തെയായിട്ടുണ്ടാകും. അതാണ് മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് കാരണമാകുന്നതെന്ന് കരുതാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 40 വർഷത്തെ മാറ്റത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയിട്ടുണ്ട്. സമുദ്രോപരിതലത്തിൽ 0.6 ഡിഗ്രി സെൽഷ്യസ് മുതൽ 0.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുന്നത് തന്നെ മത്സ്യങ്ങൾക്ക് കനത്ത ആഘാതമാണുണ്ടാക്കുന്നതെന്ന് ഈ പഠനത്തിന്റെ ഭാഗമായി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ മത്തിയുൾപ്പടെയുള്ള ചെറുമീനുകളെ കാര്യമായി ബാധിക്കുമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സി എം എഫ് ആർ ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസ്സമദ് സിറാജിനോട് പറഞ്ഞു. സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമായ എൽനിനോ കൂടി ഇതിന് കാരണമാണ്. ഇന്ത്യൻ തീരങ്ങളിൽ, എൽനിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരള തീരത്താണ്. കടൽ ചൂട് പിടിക്കുന്നത് മത്സ്യങ്ങളുടെ പ്രത്യുത്പാദനത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിൽ ആവശ്യക്കാരുള്ളതും നല്ല വില കിട്ടുന്നതുമായ മത്സ്യങ്ങൾ പലതും കടലിൽ നിന്ന് കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കയാണെന്ന് തൊഴിലാളികൾ പറയുന്നു. നെയ്മീൻ, ചൂര തുടങ്ങിയ വലിയ ഇനം മത്സ്യങ്ങളൊന്നും കാര്യമായി ലഭിക്കുന്നില്ല. കൂന്തൽ, ചെമ്മീൻ എന്നിവയുടെ ലഭ്യതയും കുത്തനെ കുറഞ്ഞിട്ടുണ്ട്.

കേരള തീരത്തെ കടലിൽ 1200 ഇനം മത്സ്യങ്ങളാണുള്ളത്. ഇതിൽ 700 ഇനം മത്സ്യങ്ങളെയാണ് ഓരോ സീസണിലും പതിവായി ലഭിക്കുന്നത്. മലപ്പുറം പൊന്നാനിക്കും തൃശ്ശൂർ അഴീക്കോടിനും ഇടയിലെ കേരളത്തിന്റെ ഫിഷ് ബേങ്കായി അറിയപ്പെടുന്ന മേഖലയിലും മത്സ്യലഭ്യത കുറഞ്ഞതായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഗോവ, മഹാരാഷ്ട്രയിലെ രത്‌നഗിരി എന്നിവിടങ്ങളിലെല്ലാം സമുദ്രത്തിൽ മത്തി ധാരാളം കാണുന്നുണ്ടത്രെ. ഗുജറാത്ത്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നെല്ലാം കൂടുതലായി മത്സ്യം കിട്ടിതുടങ്ങിയിട്ടുണ്ടെന്നും പറയുന്നു.

സി വി സാജു
കൊച്ചി

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest