ബോംബ് ഭീഷണി; മുംബൈ – സിംഗപ്പൂര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

Posted on: March 26, 2019 2:59 pm | Last updated: March 26, 2019 at 2:59 pm

സിംഗപ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറിക്കി. സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. 263 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഭീഷണിസന്ദേശം വ്യാജമാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാത്രി 11.35ന് ടേക്ക് ഓഫ് ചെയ്ത എസ്‌ക്യു 423 നമ്പര്‍ വിമാനത്തിനാണ് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം സിംഗപ്പൂരിലെ വ്യോമസേന താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയേയും കുട്ടിയേയും സിംഗപ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.