തീരദേശത്ത് ഡ്രോണ്‍ പറത്തിയത് റെയില്‍വേ സര്‍വേക്കു വേണ്ടി; വിശദാന്വേഷണത്തിന് പ്രത്യേക സംഘം

Posted on: March 26, 2019 12:52 pm | Last updated: March 26, 2019 at 2:54 pm

തിരുവനന്തപുരം: കോവളത്തെ തീരപ്രദേശത്തും വിക്രം സാരാഭായ് സ്‌പേസ് സെന്ററിനു (വി എസ് എസ് സി) മുകളിലും മറ്റും ഡ്രോണ്‍ പറത്തിയത് തീരദേശ റെയില്‍വേ സര്‍വേക്കു വേണ്ടിയായിരുന്നുവെന്ന് കണ്ടെത്തി. സര്‍വേ ഏറ്റെടുത്ത ഏജന്‍സിക്കു വേണ്ടി ആന്ധ്രപ്രദേശ്, തമിഴ്‌നാട് സ്വദേശികളായ ജീവനക്കാരാണ് ഡ്രോണ്‍ പറത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇവരോട് തിരുവനന്തപുരത്തെത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഡി ജി പി നിയോഗിച്ചു.

തീരദേശ റെയില്‍വേ പദ്ധതിയുടെ സര്‍വേക്കായി ഏജന്‍സിയിലെ ജീവനക്കാരില്‍ ചിലര്‍ കോവളമടക്കമുള്ള ചില സ്ഥലങ്ങളില്‍ മുറിയെടുത്തു താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേമത്ത് പറപ്പിച്ചിരുന്ന ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളത്തേക്കും മറ്റും പോവുകയായിരുന്നുവെന്നാണ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. പുലര്‍ച്ചെ ഡ്രോണ്‍ പറപ്പിച്ചതും സര്‍വേക്ക് പോലീസിന്റെ അനുമതി വാങ്ങാത്തതും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.