ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി; മുഖ്യ പ്രതി കസ്റ്റഡിയില്‍

Posted on: March 26, 2019 11:36 am | Last updated: March 26, 2019 at 1:47 pm

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈ പന്‍വേലിലെ ചേരിയില്‍ കണ്ടെത്തി. സംഭവത്തില്‍ മുഖ്യ പ്രതി മുഹമ്മദ് റോഷന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാണാതായി ഒമ്പതു ദിവസത്തിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കി ഉച്ചക്കു ശേഷം കൊല്ലത്തേക്കു കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വഴിയോരത്തു വച്ച് വില്‍ക്കുന്ന രാജസ്ഥാനി കുടുംബത്തില്‍ പെട്ടയാളാണ് പെണ്‍കുട്ടി. മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുമായി ട്രെയിനില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇരുവരും മുംബൈയിലുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ അവിടേക്ക് വ്യാപിപ്പിച്ച പോലീസ് മലയാളികളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

കേസില്‍ മൂന്നുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിലും പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ALSO READ  പല്‍ഗാര്‍ ആള്‍ക്കൂട്ട കൊല; 28 പ്രതികള്‍ക്ക് ജാമ്യം