Connect with us

Kozhikode

നിരോധിത കീടനാശിനികൾ ഓൺലൈൻ വഴി സുലഭം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയെന്ന് സർക്കാർ അവകാശപ്പെടുന്ന 14 കീടനാശിനികൾ ഓൺലൈൻ വഴി സുലഭം. കീടനാശിനി നിരോധനത്തിന് സർക്കാർ ഏർപ്പെടുത്തിയ പ്രഖ്യാപനങ്ങൾ ഇതോടെ പ്രഹസനമായി. ഓൺലൈൻ വിൽപ്പനയിലൂടെ വീര്യമേറിയ കീടനാശിനികളാണ് സംസ്ഥാനത്തെ കർഷകരിലേക്ക് എത്തുന്നത്. പ്രമുഖ ഓൺലൈൻ വിൽപ്പന ശൃംഖലയിൽ നിന്ന് ഇടനിലക്കാരാണ് ഇവ കർഷകരിലേക്ക് എത്തിക്കുന്നത്.
സംസ്ഥാനത്ത് ഇത്തരം നിരോധിത കീടനാശിനികൾ വിൽക്കുന്നതിന് സ്ഥാപനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ ഇവർ തന്നെയാണ് ഓൺലൈൻ വഴി എത്തിച്ചു നൽകുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നു. രാജ്യവ്യാപകമായി വിറ്റഴിക്കുന്ന കീടനാശിനികളുടെ ഓൺലൈൻ വിൽപ്പനക്ക് വിലക്കുകളില്ല. അതിനാൽ തന്നെ ഓൺലൈൻ വിൽപ്പനയെ തടയാനും സംസ്ഥാന സർക്കാറിന് കഴിയില്ല. കാർബോബുറാൻ ത്രീ ജി, മോണോക്രോട്ടോഹോസ്, ഫോറേറ്റ്, കളനാശിനിയായ പാരക്കോട്ട് തുടങ്ങിയവയാണ് ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനക്കുള്ളത്.

തിരുവല്ലയിൽ നിരോധിത കീടനാശിനികൾ തളിച്ച് കർഷകർ മരിച്ച സംഭവത്തിനു പിന്നാലെ നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കാൻ നിയമനിർമാണം നടത്തുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നതു തടയാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഓൺലൈൻ സൈറ്റുകൾ വഴിയുള്ള ഇവയുടെ വിൽപ്പന തടയാൻ സംവിധാനങ്ങൾ ഒരുക്കാത്തത് വീഴ്ചയായി. ഇവ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭയത്തിലാണ് കർഷകർ.

പഴങ്ങളുടെ സീസൺ ആയതിനാൽ കീടനാശിനി പ്രയോഗം വർധിക്കുന്ന സമയം കൂടിയാണിത്. ഈ അവസരത്തിൽ പരിശോധനകൾ കർശനമാക്കാനും ഓൺലൈൻ വിൽപ്പനക്കെതിരെ നടപടിയെടുക്കാനും സർക്കാർ മുന്നോട്ട് വരണം.

വിഷുവിനായുള്ള കണിവെള്ളരി കൃഷി ഉൾപ്പെടെ ആരംഭിച്ച ഘട്ടത്തിൽ ഇത്തരം കീടനാശിനി പ്രയോഗത്തിനെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെയും ആവശ്യം.

Latest