Malappuram
നന്നമ്പ്രയിൽ കോൺഗ്രസിൽ കലാപം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒരു വിഭാഗം

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കോൺഗ്രസിൽ നില നിന്നിരുന്ന പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. യു ഡി എഫിന്റെ താത്കാലിക ചുമതലയുള്ള ചെയർമാന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്ന് താത്കാലികമായി ചുമതലയേറ്റ ഡി സി സി സെക്രട്ടറി ഏകപക്ഷീയവും ധിക്കാരപരവുമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഒരു സംഘം ആരോപിക്കുന്നു. ഇദ്ദേഹത്തെചുമതലയിൽ നിന്ന് മാറ്റണമെന്ന് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കിയ തൊട്ടടുത്ത ദിവസം തന്നെ പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് ഡി സി സി ഉറപ്പ് തന്നിരുന്നുവത്രെ. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നന്നമ്പ്ര പഞ്ചായത്ത് യു ഡി എഫ് കൺവെൻഷനിൽ ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു.
ഡി സി സി പ്രസിഡന്റിന് പരാതി കൊടുത്തിട്ട് പരിഹരിക്കുകയോ, ചർച്ചക്ക് പോലും എടുക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിക്കുകയും ഇക്കാര്യം മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനെ ബോധ്യപ്പെടുത്തുകയും പരിഹാരം അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല.
ഇതേത്തുടർന്നാണ് നന്നമ്പ്രയിൽ നിന്നുള്ള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പച്ചായി മുഹമ്മദാജി, ജനറൽ സെക്രട്ടറിമാരായ യു വി അബ്ദുൽ കരീം, കെ രവി നായർ, കെ എം സമദ്, ഭാസ്‌ക്കരൻ പുല്ലാണി, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് മെമ്പർമാർ, ബേങ്ക് ഡയറക്ടർമാർ, പോഷക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പരാതിക്ക് പരിഹാരം കാണുന്നത് വരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.