സൂര്യാഘാതത്തെ കരുതിയിരിക്കുക

(ആരോഗ്യ മന്ത്രി)
Posted on: March 26, 2019 8:51 am | Last updated: March 26, 2019 at 4:34 pm

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് നേരത്തെ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അത്യാഹിതത്തിലേക്ക് പോകാതിരിക്കാന്‍ ബോധവാന്മാരാകണം. രാവിലെ 11നും ഉച്ചക്ക് മൂന്ന് മണിക്കും ഇടക്ക് സൂര്യനുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണം. സൂര്യാതാപം ഏറ്റവരുടെ ചികിത്സക്കായി ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

സൂര്യാഘാതവും
ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും ചെയ്യും. ഇതാണ് സൂര്യാഘാതം. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.

സൂര്യാതാപമേറ്റുള്ള
താപ ശരീര ശോഷണം

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതാപമേറ്റുള്ള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതാപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കണം. ഫാന്‍, എ സി എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കണം. ധാരാളം വെള്ളം കുടിക്കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ ആശുപത്രിയിലെത്തിക്കണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (നാല് വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് ജോലി ചെയ്യരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.

സൂര്യാതാപം കൊണ്ടുള്ള
മറ്റു ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീര ഭാഗങ്ങള്‍ സൂര്യാതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും അനുഭവപ്പെടുകയും ചെയ്യും. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവര്‍

പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹ രോഗികള്‍, വൃക്കരോഗങ്ങള്‍ ഉള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് ജോലി ചെയ്യുന്നവര്‍, വെള്ളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉള്ളവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കിലോ കുഴഞ്ഞു വീഴുന്നെങ്കിലോ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കണം.

കെ കെ ശൈലജ (ആരോഗ്യ മന്ത്രി)