നിലമ്പൂരിൽ വ്യാപക സ്വർണ ഖനനം; മാരക വിഷാംശമുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് ഭീഷണി

മലപ്പുറം
Posted on: March 25, 2019 4:58 pm | Last updated: March 25, 2019 at 4:58 pm

നിലമ്പൂരിൽ മാരക വിഷാംശമുള്ള കെമിക്കലുകൾ ഉപയോഗിച്ച് സ്വർണ ഖനനം ചെയ്യുന്നത് ജനങ്ങൾക്ക് ഭീഷണിയാവുന്നു. മാരക വിഷാംശമുള്ള കെമിക്കലുകൾ ഉപയോഗിച്ച് ചാലിയാർ പുഴയിൽ നിന്നാണ് ഖനനം നടത്തുന്നത്. നിലമ്പൂരിൽ ചാലിയാറിന്റെ ഓരങ്ങളായ മരുത, പോത്തുക്കല്ല്, മമ്പാട്, ഒടായിക്കൽ, പൊങ്ങല്ലൂർ എന്നീ ഭാഗങ്ങളിലും ഇത്തരത്തിൽ ഖനനം നടത്തുന്നുണ്ട്.
സ്വർണത്തിന്റെ അയിര് ശുദ്ധീകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മെർക്കുറി, പൊട്ടാസ്യം സയനൈഡ് തുടങ്ങിയ കെമിക്കലുകൾ ചാലിയാറിൽ കലരുന്നതിനാൽ കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നു. ക്യാൻസർ, വൃക്ക, കരൾ രോഗങ്ങൾ ഈ ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.

കെമിക്കലിന്റെ അവശിഷ്ടങ്ങളെല്ലാം ചാലിയാറിൽ തന്നെ നിക്ഷേപിക്കുന്നതിനാൽ വെള്ളം മലിനമാകുന്നതായും പരാതിയുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നായി 20 ലക്ഷത്തോളം പേരാണ് വെള്ളത്തിനായി ചാലിയാറിനെ ആശ്രയിക്കുന്നത്. മത്സ്യ സമ്പത്തിന് ഭീഷണിയാകും വിധമാണ് നിലമ്പൂർ മേഖലയിൽ സ്വർണ ഖനനം നടത്തുന്നതെന്ന് അഡ്വ. പി എ പൗരൻ സിറാജിനോട് പറഞ്ഞു. പുഴയോരത്തെ പുല്ലിൽ കെമിക്കലുകളുടെ അംശം കലർന്ന് കന്നുകാലികളിലൂടെയാണ് മനുഷ്യനിലെത്തുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മാരക രോഗങ്ങൾ നിരവധി പേരെ വേട്ടയാടുന്നു. ഇതിനാൽ സ്വർണ ഖനനം നിർത്തി വെക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണൽ വാരുന്നതിന്റെ മറവിലാണ് സ്വർണ ഖനനം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി ഈ മേഖലകളിൽ ഖനനം തുടങ്ങിയിട്ട്. തമിഴ്‌നാട്ടിൽ നിന്ന് സ്വർണ മേഖലയിൽ സാങ്കേതിക പരിജ്ഞാനം നേടിയ തൊഴിലാളികളെ കൊണ്ടു വന്നാണ് ഖനനം. നദിയിൽ പത്ത് അടി വരെ കിടങ്ങ് കീറിയാണ് ഖനനം നടത്തുന്നത്. മണ്ണിൽ നിന്ന് അയിര് വേർതിരിക്കുന്ന പ്രവൃത്തി ചെയ്യുന്നതെല്ലാം ആദിവാസികളാണ്. ഇത്തരത്തിൽ വേർതിരിക്കുന്ന സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ സ്വർണ ഉടമകൾക്കാണ് വിൽക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം കാണപ്പെടുന്നത് നിലമ്പൂരിലാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.