Connect with us

Malappuram

വേനൽ കടുത്തതോടെ പഴങ്ങൾക്ക് വില കുതിച്ചുയരുന്നു

Published

|

Last Updated

കോഴിക്കോട്: വേനൽ ശക്തമായതോടെ വില കുതിച്ചുയർന്ന് പഴ വിപണി. കഴിഞ്ഞ സീസണിൽ മുന്ന് കിലോ ഓറഞ്ചിന് 100 രൂപയായിരുന്നെങ്കിൽ ഇത്തവണ ഒരു കിലോ ഓറഞ്ചിന് 60 രൂപയാണ് വില. വേനൽ കടുത്തതും പഴങ്ങളുടെ ലഭ്യത കുറഞ്ഞതുമാണ് പഴങ്ങളുടെ വില വർധിക്കാൻ കാരണമായതെന്ന് പുതിയ ബസ് സറ്റാൻഡിൽ വർഷങ്ങളായി പഴകച്ചവടം നടത്തുന്ന ബിച്ചാമു പറയുന്നു. വലിയ ഓറഞ്ചിന് 60 രൂപയും ചെറിയ ഓറഞ്ചിന് 40 രൂപയുമാണ് വില. നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിൽ നിന്നുമാണ് ഇപ്പോൾ പ്രധാനമായും ഓറഞ്ച് എത്തുന്നത്.
മുന്തിരി, ആപ്പിൾ, അനാർ, എന്നിവക്കെല്ലാം വലിയ വില വർധനവാണുണ്ടായിട്ടുള്ളത്. പച്ച മുന്തിരിയുടെ വില 50തിൽ നിന്ന് 80 രൂപയിലേക്കും കറുത്ത മുന്തിരിയുടെ വില 120 രൂപയും വരെയായി. ആപ്പിളിന് 160 രൂപ, ഗ്രീൻ ആപ്പിളിന് 220 രൂപയുമാണ് വില. മാങ്ങ 120 രൂപ മുതൽ ലഭിക്കും കൈതച്ചക്ക 40 രൂപ, അനാർ 100 രൂപ, പേരക്ക 60 രൂപ എന്നിങ്ങനെയാണ് വിപണി വില. ചെറുനാരങ്ങ കിലോ 70 രൂപയിലെത്തി. വലിപ്പമനുസരിച്ച് മൂന്ന് മുതൽ അഞ്ച് രൂപ വരെയാണ് ഒരു ചെറുനാരങ്ങക്ക് ഈടാക്കുന്നത്.

ജ്യൂസ് വിലയും
കുതിച്ചുയർന്നു

ഒരു കിലോ ഓറഞ്ചിന് 40 രൂപയാണെങ്കിൽ ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസിന് കടകളിൽ ഈടാക്കുന്നത് 50 രൂപ മുതൽ 100 രൂപ വരെയാണ്. വൻ കിട ഹോട്ടലുകൾ ആണെങ്കിൽ വില ഇനിയും വർധിക്കും. ഓറഞ്ച്, ആപ്പിൾ, മാങ്ങ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ ജ്യൂസുകൾ മുതൽ കരിക്ക്, പച്ചമാങ്ങ, ബദാം, കശുവണ്ടി തുടങ്ങിയ വിധത്തിലുമുള്ള ജ്യൂസുകളുമായി നഗരത്തിലെ ജ്യൂസ്് കടകളിൽ കച്ചവടം പൊടിക്കുകയാണ്. എന്നാൽ ഓറഞ്ചിനും മൂസമ്പിക്കുമാണ് ആവശ്യക്കാർ ഏറെയുള്ളതെന്ന് കടയുടമകൾ പറയുന്നു.
എന്നാൽ ചൂടിന്റെ പേരിൽ പല കച്ചവടക്കാരും അധിക വില ഈടാക്കുന്നുവെന്നും ആക്ഷേപമുണ്ട്. കടകൾക്കൊപ്പം തന്നെ ഉന്തുവണ്ടികളിലും റോഡരികുകളിലുമായി ചൂടകറ്റാനുള്ള വത്തക്കാ വെള്ളം, സർബത്ത്, തണുപ്പിച്ച മോര് എന്നിവയെല്ലാം സുലഭമാണെങ്കിലും പുതുതലമുറക്ക് പ്രിയം ജ്യൂസുകൾ തന്നെയാണ്.

തണ്ണിമത്തനാണ് താരം
കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് തണ്ണിമത്തനാണ്.
സാധാരണ തണ്ണിമത്തൻ 15 രൂപക്ക് ലഭിക്കുമ്പോൾ കിരൺ ഇനത്തിൽ പെട്ട ചെറിയ തണ്ണിമത്തന് 20 രൂപയാണ് വില. മധുരം കൂടുതലുള്ള മഞ്ഞ തണ്ണിമത്തന് 60 രൂപയുമാണ് വില. ആളുകൾക്ക് താങ്ങാവുന്ന വിലയും തണ്ണി മത്തന്റെ ഡിമാൻഡ് കൂട്ടുന്നു. ഇളം പച്ചയും കടും പച്ചയും മുതൽ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തൻ വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തണ്ണിമത്തൻ എത്തുന്നത്. കടകളേക്കാൾ കൂടുതലായി റോഡരികുകളിലാണ് തണ്ണിമത്തൻ കച്ചവടം കൂടുതലായും നടക്കുന്നത്.

Latest