കാവല്‍ക്കാരന്റെ പാര്‍ട്ടി കവര്‍ന്നത് തങ്ങളുടെ ചോരയും വിയര്‍പ്പും; ബി ജെ പിക്കെതിരെ വെബ് ഡിസൈന്‍ കമ്പനി

Posted on: March 24, 2019 10:58 pm | Last updated: March 25, 2019 at 10:30 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ബി ജെ പിയെ കുരുക്കിലാക്കി ടെംപ്ലേറ്റ് മോഷണ ആരോപണവും. ഇന്ത്യന്‍ വെബ് ഡിസൈന്‍ കമ്പനിയായ ഡബ്ല്യു3 ലേഔട്ട്‌സ് ആണ്, ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് തിരിച്ചെടുത്തപ്പോള്‍ ബി ജെ പി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബി ജെ പി ഐ ടി സെല്‍ പ്രതിഫലം നല്‍കാതെ ബേക്ക്‌ലിങ്ക് ഒഴിവാക്കിയ ശേഷം തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആന്ധ്രപ്രദേശ് കേന്ദ്രമായ കമ്പനിയുടെ ആരോപണം. നിര്‍മാതാക്കളുടെ പേരും അതില്‍ നല്‍കിയിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട ബി ജെ പിയുടെ വെബ്‌സൈറ്റ് അടുത്തിടെയാണ് തിരിച്ചുപിടിച്ച് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്.

ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് മോഷ്ടിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ കാവല്‍ക്കാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു നേതാവിന്റെ പാര്‍ട്ട് ഇങ്ങനെ ചെയ്തതില്‍ അത്ഭുതമുണ്ടെന്നും കമ്പനി കുറ്റപ്പെടുത്തി.
തിരിച്ചറിയാനുള്ള എല്ലാ സംവിധാനങ്ങളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും കമ്പനിയുടെ കോഡ് തന്നെയാണ് പാര്‍ട്ടി ഇപ്പോഴും ഉപയോഗിക്കുന്നതെന്നും പേജിന്റെ സോഴ്‌സ് കോഡില്‍ ഇതു വ്യക്തമാണെന്നും കമ്പനി പറയുന്നു. നിര്‍മാതാക്കളുടെ പേര് അതില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി തയാറാകണമെന്നാണ് കമ്പനിയുടെ ആവശ്യം.

ബി ജെ പിയുടെ തട്ടിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.