Connect with us

National

ബ്രാഹ്മണന് കാവല്‍ക്കാരനാകാന്‍ കഴിയില്ല; മോദിയുടെ നിര്‍ദേശത്തെ തള്ളി സുബ്രഹ്മണ്യന്‍ സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: “ഞാന്‍ ബ്രാഹ്മണനാണ്, അതുകൊണ്ടു തന്നെ പേരിനൊപ്പം കാവല്‍ക്കാരന്‍ എന്നു ചേര്‍ക്കാന്‍ കഴിയില്ല”- ബി ജെ പി നേതാവും എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെതാണ് ഈ വാക്കുകള്‍. തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “മേം ബി ഛൗക്കിദാര്‍” (ഞാനും കാവല്‍ക്കാരനാണ്) പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകരെല്ലാം സ്വന്തം പേരിനൊപ്പം ട്വിറ്ററില്‍ ഛൗക്കിദാര്‍ എന്നു ചേര്‍ക്കണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

“ബ്രാഹ്മണന്മാര്‍ക്കു കാവല്‍ക്കാരനാകാന്‍ കഴിയില്ലെന്നത് വസ്തുതയാണ്.ഞാന്‍ കാവല്‍ക്കാരന് ഉത്തരവു നല്‍കുന്നയാളാണ്. ഉത്തരവുകള്‍ പ്രാവര്‍ത്തികമാക്കലാണ് കാവല്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിനാല്‍ എനിക്കൊരു കാവല്‍ക്കാരനാകാന്‍ കഴിയില്ല.”- ബി ജെ പി നേതാവ് പറഞ്ഞു.

അഴിമതിക്കും സാമൂഹിക തിന്മകള്‍ക്കും മോശം കാര്യങ്ങള്‍ക്കുമെതിരെ പോരാടുന്നവരെല്ലാം കാവല്‍ക്കാരാണെന്ന് മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. “നിങ്ങളുടെ കാവല്‍ക്കാരന്‍ നിശ്ചയദാര്‍ഢ്യത്തോടെ നിന്ന് രാജ്യത്തെ സേവിക്കുകയാണ്. എന്നാല്‍ ഞാന്‍ ഒറ്റക്കല്ല, തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവരും ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമെല്ലാം കാവല്‍ക്കാരാണ്.”- ഇതായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. ഈ ആഹ്വാനത്തെ തുടര്‍ന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ പ്രമുഖ പാര്‍ട്ടി നേതാക്കളെല്ലാം പേരിനൊപ്പം ഛൗക്കിദാര്‍ എന്നു ചേര്‍ത്തിരുന്നു. എന്നാല്‍, ആഹ്വാനത്തോട് സുബ്രഹ്മണ്യന്‍ സ്വാമി മുഖംതിരിച്ചത് മോദിക്കും പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.