കഠിന ചൂട്: അങ്കണ്‍വാടികളുടെ സമയം മാറ്റാന്‍ നിര്‍ദേശം

Posted on: March 23, 2019 11:53 am | Last updated: March 23, 2019 at 11:53 am


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരം പ്രദേശങ്ങളിലെ അങ്കണ്‍വാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 വരെയോ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയോ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് അങ്കണ്‍വാടികളുടെ പ്രവര്‍ത്തന സമയം തീരുമാനിക്കുക. മറ്റ് സ്ഥലങ്ങളിലെ അങ്കണ്‍വാടികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതാണ്. വര്‍ധിച്ച ചൂട് കാരണം ചില അങ്കണ്‍വാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

അങ്കണ്‍വാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാന്‍ നിര്‍ദേശം നല്‍കിയത്.