എസ് വൈ എസ് ചാലിയാര്‍ ശുചീകരണം നടത്തി

Posted on: March 21, 2019 3:13 pm | Last updated: March 21, 2019 at 4:16 pm
എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചാലിയാര്‍ ശുചീകരണ യജ്ഞം എടവണ്ണയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂര്‍ : എസ് വൈ എസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ചാലിയാര്‍ ശുചീകരണ യജ്ഞം മൈലാടിയില്‍ കെ പി സി സി മെമ്പര്‍ ആര്യാടന്‍ ശൗകത്ത് ഉദ്ഘാടനം ചെയ്തു. എടക്കര, വണ്ടൂര്‍ സോണുകളിലെ എസ് വൈ എസ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളത്തിന്‍കടവ്, ചാലിയാര്‍മുക്ക്, മൈലാടി പാലം, മണ്ണുപ്പാടം, മജ്മഉ തുടങ്ങിയ കടവുകളിലെ ഇരു കരകളിലെയും പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങള്‍ ശേഖരിച്ച് മാലിന്യ കേന്ദ്രങ്ങളിലെത്തിച്ചു.

എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചാലിയാര്‍ ശുചീകരണ യജ്ഞം

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ ടി ജെയിംസ് എടക്കരയിയിലും എസ് വൈ എസ് വണ്ടൂര്‍ സോണ്‍ പ്രസിഡന്റ് ഹസൈനാര്‍ ബാഖവി വണ്ടൂരിലും ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഉബൈദുല്ലാഹി സഖാഫി അധ്യക്ഷത വഹിച്ചു. എടക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ അനില്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ വഹാബ് അല്‍ ഹസനി, ഖാസിം ലത്വീഫി, ഇബ്‌റാഹീം സഖാഫി നാരോക്കാവ്, ജലീല്‍ സഖാഫി, മുഹമ്മദലി ലത്വീഫി പ്രസംഗിച്ചു. ശരീഫ് സഅദി സ്വാഗതവും സലാഹുദ്ധീന്‍ മാമാങ്കര നന്ദിയും പറഞ്ഞു.

ചാലിയാര്‍ ശുചീകരണ യജ്ഞം: മമ്പാട് ഓടായിക്കലില്‍ നിന്ന്‌

ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി നിലമ്പൂര്‍ ചാലിയാര്‍ മുക്ക് മുതല്‍ ഊര്‍ക്കടവ് വരെ വിവിധയിടങ്ങളില്‍ മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചാലിയാര്‍ ശുചീകരണ യജ്ഞത്തില്‍ എസ് വൈ എസ് സന്നദ്ധ പ്രവര്‍ത്തകര്‍, പ്രസ്ഥാനിക കുടുംബാംഗങ്ങള്‍, ജനമൈത്രി പോലീസ്, ഹരിത കര്‍മസേന, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാണ്‌ പങ്കെടുക്കുന്നത്. നിലമ്പൂര്‍ ചാലിയാര്‍മുക്ക് മുതല്‍ ഊര്‍ക്കടവ് വരെയുള്ള ചാലിയാര്‍മുക്ക്, മൈലാടിപ്പാലം, കളത്തുംടവ്, ഒടായിക്കല്‍, പൊങ്ങല്ലൂര്‍, എടവണ്ണ, മൈത്ര, കീഴുപമ്പ്, അരീക്കോട്, വെട്ടുപാറ, ഊര്‍ക്കടവ് എന്നീ കടവുകളിലാണ് ശുചീകരണം നടത്തുന്നത്. അനുബന്ധമായി ജല സംരക്ഷണ റാലി, ലഘുലേഖ വിതരണം, ബോധവത്കരണം, പ്രതിജ്ഞ എന്നിവയും നടക്കും.