ജയരാജനെ കൊലയാളിയെന്നു വിളിച്ച രമക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടിയേരി

Posted on: March 19, 2019 8:54 pm | Last updated: March 19, 2019 at 11:17 pm

തിരുവനന്തപുരം: വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി പി ജയരാജനെ കൊലയാളിയെന്നു വിളിച്ച ആര്‍ എം പി നേതാവ് കെ കെ രമക്കെതിരെ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം നടപടി ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഫെയ്‌സ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ കോടിയേരി അറിയിച്ചു.

വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും സി പി എം സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്. ഏതെങ്കിലുമൊരു കൊലപാതക കേസില്‍ ജയരാജന്‍ കുറ്റവാളിയാണെന്ന് ഒരു കോടതിയും ഇതേവരെ കണ്ടെത്തിയിട്ടില്ല.

രണ്ട് കേസുകളില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 17ന് രമ നടത്തിയ പ്രസ്താവന അപലപനീയമാണ്. രമക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.