Connect with us

Articles

പൊള്ളിപ്പിടിക്കും വേനലിനെ നേരിടാനൊരുങ്ങാം

Published

|

Last Updated

കേരളം ചുട്ടു പൊള്ളുകയാണ്. ഈ വേനലില്‍ സാധാരണയില്‍ കൂടുതല്‍ ചൂട് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. സൂര്യന്റെ ചൂടും സൂര്യ രശ്മികളിലെ ഇന്‍ഫ്രാറെഡ് റേഡിയേഷനും പൊടിപടലങ്ങളും റോഡുകളില്‍ നിന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്നും മേല്‍ക്കൂരയിലെ ഇരുമ്പു ഷീറ്റില്‍ നിന്നും പ്രതിബിംബിക്കുന്ന ചൂടും സംസ്ഥാനത്തെ പകല്‍ ജീവിതം ദുസ്സഹമാക്കുകയാണ്. ഇത് കൂടാതെയാണ് വാഹനങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ചൂടുള്ള മലിന വായുവും എ സി കള്‍, കാറ്റുകൊള്ളാനുള്ള ഫാനുകള്‍, വ്യവസായ ശാലകളില്‍ നിന്നുള്ള ചൂടും പുകയും, സിനിമാ തിയേറ്ററില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തുണിക്കടകളില്‍ നിന്നും കൂളറുകളില്‍ നിന്നും പുറംതള്ളുന്ന ചൂട് തുടങ്ങിയവ. എല്ലാം ചേര്‍ന്ന് നമ്മുടെ അന്തരീക്ഷത്തെ തീച്ചൂളയാക്കിയിരിക്കുന്നു. ഇത് രാത്രിയും പകലും ഒരുപോലെ വായുവിനെ ചൂടാക്കുന്നതിനാല്‍ ആകെ പുകച്ചിലാണ്. കേരളത്തില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ മനുഷ്യനില്‍ വിയര്‍പ്പും ഉഷ്ണവും പരവേശവും കൂടുതലാണ്. ഇത് കാരണമായുണ്ടാകുന്ന ശരീരത്തിലെ നിര്‍ജലീകരണം മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്നു.

ചൂട് വര്‍ധിച്ചിരിക്കുന്നതിനാല്‍ ജലജന്യ രോഗങ്ങളും സംസ്ഥാനത്തെ കീഴടക്കിയിരിക്കുന്നു. ജലസ്രോതസ്സുകളിലെ വെള്ളം ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ ജലമലിനീകരണവും ഏറിവരികയാണ്. കിണറുകള്‍ അതിവേഗം വറ്റിക്കൊണ്ടിരിക്കുന്നു. കൃഷിഭൂമികള്‍ വിണ്ടുകീറിക്കഴിഞ്ഞു. കുളങ്ങള്‍ വറ്റി. സംസ്ഥാനത്തെ നദികളും മറ്റുജലസ്രോതസ്സുകളും അതി തീവ്രമായ വേഗതയില്‍ വറ്റിവരളുകയാണ്. സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ശേഷിക്കുന്ന ജലം മലിനീകരിക്കപ്പെട്ട നിലയിലുമാണ്.

പല സ്ഥലങ്ങളിലും സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. രോഗികളും കുട്ടികളും പ്രായമായവരും ചൂടുമൂലം പ്രതിരോധത്തിലാണ്. വളര്‍ത്തു മൃഗങ്ങള്‍ പുല്ലും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഉഷ്ണകാല രോഗങ്ങള്‍ അവയെയും ബാധിച്ചുതുടങ്ങിയെന്ന് സാരം. ഹോട്ടലുകള്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍, തട്ടുകടകള്‍, ഡയറി സ്ഥാപനങ്ങള്‍, ബേക്കറികള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കുടിവെള്ള വിതരണക്കാര്‍ തുടങ്ങി വെള്ളവും ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം ശുദ്ധജല ലഭ്യത കുറഞ്ഞതോടെ മലിനജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ്. സൂക്ഷിച്ചില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ നിമിത്തങ്ങളായി മാറുമെന്നതില്‍ തര്‍ക്കമില്ല.

ചൂടുപിടിച്ച അന്തരീക്ഷത്തിനെ കൂടുതല്‍ മലിനീകരിക്കാന്‍ ഉതകുന്ന തരത്തില്‍ അടിച്ചു കൂട്ടുന്ന ചവര്‍ കൂട്ടിയിട്ടു കത്തിക്കുന്നത് പലയിടങ്ങളിലും പതിവായിരിക്കുന്നു. ചവറിന്റെ കൂടെ പ്ലാസ്റ്റിക്കും കത്തിക്കുന്നത് തുടരുകയാണ്. ഇത് അന്തരീക്ഷ ചൂട് പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും രാത്രി പോലും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ക്യാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും ഇടവരുത്തുന്ന ഈ പ്രവൃത്തി വേനല്‍ കാലത്തെങ്കിലും ഒഴിവാക്കണം. വേനല്‍ എപ്പോഴും തീ പടരുന്നതിന്റെ കൂടി കാലമാണ്. അറിഞ്ഞും അറിയാതെയും തീപിടിത്തത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് വേനലില്‍ തീപിടിത്തത്തെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ വേനല്‍ ഇത്രയും രൂക്ഷമാകുന്നതിനു പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒന്ന് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ മനുഷ്യ നിര്‍മിതമായി പുറന്തള്ളപ്പെട്ട ഹരിതഗൃഹ വാതകങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം. രണ്ട് സമുദ്രത്തില്‍ ഉടലെടുക്കുന്ന എല്‍നിനോ പോലുള്ള പ്രതിഭാസവും. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും മനുഷ്യന്‍ പ്രകൃതിയെ ക്രമാതീതമായി ചൂഷണം ചെയ്തത് മൂലമാണുണ്ടായതെന്ന് തിരിച്ചറിയണം.

വേനലിനെ
എങ്ങനെ പ്രതിരോധിക്കാം
ശരീരത്തിന്റെ നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ശരീരം കൂടുതല്‍ ചൂടാകാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വായു സഞ്ചാരം വര്‍ധിപ്പിക്കാന്‍ രാത്രി ജനലുകള്‍ തുറന്നിടുക. പകല്‍ മുറികളിലെ കര്‍ട്ടനുകള്‍ അടച്ചിടുക. ഫാനുള്ള മുറികളില്‍ തുറന്ന പാത്രങ്ങളിലോ മണ്‍പാത്രങ്ങളിലോ വെള്ളം വെക്കുക. മുറികളില്‍ ഈര്‍പ്പം വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്. കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുക. കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ജലാംശം കൂടുതലുള്ള പഴങ്ങള്‍ കഴിക്കുക. ശരീരം കൂടുതല്‍ ചൂടാകാതിരിക്കാന്‍ ഭക്ഷണത്തില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ കഴിവതും ഒഴിവാക്കുക.

കറികളില്‍ എരുവ് കുറക്കുക. മോരും തൈരും കൂടുതല്‍ ഉപയോഗിക്കുക. കൂടുതല്‍ വെജിറ്റബിള്‍ ഭക്ഷണം കഴിക്കുക. മുറികളില്‍ ലൈറ്റുകളുടെ എണ്ണം കുറക്കുക. അടുക്കളയില്‍ കഴിവതും രാത്രി ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക. വീട് മുഴുവന്‍ അതിന്റെ ചൂട് പരക്കാതിരിക്കാനാണ്. ഉറങ്ങുവാന്‍ കിടക്കകള്‍, തലയിണകള്‍ എന്നിവ ഒഴിവാക്കുക. കൂടുതല്‍ ചെടികള്‍ ടെറസില്‍ വളര്‍ത്തുക. വീടിനകത്ത് കാര്‍പെറ്റുകള്‍ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചെറിയ കുട്ടികളെ രണ്ട് തവണയെങ്കിലും കുളിപ്പിക്കണം.

കുടിവെള്ളം അമൂല്യമാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. അതുകൊണ്ടുതന്നെ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും ഭൂഗര്‍ഭ ജലാശയങ്ങളില്‍ നിന്നും ഈ വേനലില്‍ ജലമൂറ്റി വില്‍ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇത് കൂടുതല്‍ പേര്‍ക്ക് ജലം ലഭ്യമാകുന്നതിന് അത്യാവശ്യമാണ്.

 

ഡോ. സി എം ജോയി

jcheenikkal@gmail.com

Latest