ബംഗളൂരു എഫ്സിക്ക് ഐഎസ്എല്‍ കന്നിക്കിരീടം

Posted on: March 17, 2019 8:47 pm | Last updated: March 18, 2019 at 10:05 am

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളൂരു എഫ്‌സിക്ക് കന്നിക്കിരീടം. നിശ്ചിതസമയത്ത് ഗോള്‍രഹിത സമനില പാലിച്ച് അധിക സമയത്തിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ എഫ്‌സി ഗോവയെ ഒരു ഗോളിന് തകര്‍ത്താണ് ബംഗളൂരു കിരീടം സ്വന്തമാക്കിയത്. 118ാം മിനുട്ടില്‍ രാഹുല്‍ ബെക്കെയാണ് വിജയഗോള്‍ നേടിയത്.

നിശ്ചിത സമയത്ത് ഗോള്‍ അവസരങ്ങള്‍ ഏറെ ഉണ്ടായെങ്കിലും വല കുലുങ്ങിയില്ല.  ഒടുവില്‍ അധികസമയം തീരുന്നതിന് രണ്ട് മിനുട്ട് മാത്രം ശേഷിക്കെയാണ് ബംഗളൂരു വിജയം സ്വന്തമാക്കിയത്. ദിമാസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ബെക്കെ മനോഹരമായ ഒരു ഹെഡറിലൂടെയാണ് എതിര്‍വല ചലിപ്പിച്ചത്. ഗോവന്‍ ഗോള്‍ കീപ്പര്‍ പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

105ാം മിനുട്ടില്‍ ജഹൗഹ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതാണ് ഗോവക്ക് ക്ഷീണമായത്. ജഹൗഹുവായിരുന്നു പലപ്പോഴും ഗോവക്ക് പ്രതിരോധമൊരുക്കിയിരുന്നത്.