Connect with us

Malappuram

അവർ ചേർത്തു പിടിക്കുന്നു; ന്യൂസിലാന്‍ഡിലെ മലയാളി ഇമാം

Published

|

Last Updated

സുബൈർ സഖാഫി

വെല്ലിംഗ്ടൺ: ക്രൂരനായ വംശവെറിയന്റെ ആക്രമണത്തിൽ ന്യൂസിലാൻഡ് ഉലഞ്ഞെങ്കിലും ഒറ്റക്കെട്ടായി ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്ന് വെല്ലിംഗ്ടണിലെ മലയാളി ഇമാം മലപ്പുറം ഊരകം സ്വദേശി സുബൈർ സഖാഫി. അടുത്തെങ്ങും തീവ്രവാദ പ്രവർത്തനങ്ങൾക്കോ ഭീകരാക്രമണങ്ങൾക്കോ വേദിയാകാത്ത നാടാണ്. ഇതിനാൽ ചരിത്രസ്മാരകങ്ങൾക്കോ പൈതൃക കേന്ദ്രങ്ങൾക്കോ അതീവ സുരക്ഷ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. കൂട്ടക്കൊലയെ ദേശീയ ദുരന്തമായി കണ്ട് പിന്നീട് വിശ്വാസികളായ ന്യൂനപക്ഷത്തിന്റെ കണ്ണീരൊപ്പാൻ നാടും നഗരവും ഒറ്റക്കെട്ടാവുകയായിരുന്നുവെന്ന് സുബൈർ സഖാഫി സിറാജിനോട് പറഞ്ഞു.

മരിച്ചവർക്കു വേണ്ടി പരമ്പരാഗത യൂറോപ്യൻ ശൈലിയിൽ നാടിന്റെ മുക്കിലും മൂലയിലും പൂക്കളർപ്പിച്ചാണ് കീവീസുകാർ കണ്ണീർ പൊഴിച്ചത്. രണ്ട് പള്ളികളിൽ അക്രമം നടന്ന വിവരം അറിഞ്ഞയുടൻ ജുമുഅ കഴിഞ്ഞ് ന്യൂസിലാൻഡിലെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചു പൂട്ടി ആളുകളെ ഒഴിപ്പിച്ചു. ഇക്കൂട്ടത്തിൽ തന്നെയും ജോലി സ്ഥലത്ത് നിന്ന് ദൂരെ സുരക്ഷിത സ്ഥലത്തേക്ക് അധികൃതർ മാറ്റി.

ആക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ഏറെ ദൂരമുള്ള തലസ്ഥാന നഗരിയായ വെല്ലിംഗ്ടണിലെ തവ ഇസ്‌ലാമിക് സെന്ററിലാണ് സുബൈർ സഖാഫി ഇമാമായി ജോലി ചെയ്യുന്നത്. സുരക്ഷാ കാരണങ്ങളുടെ പേരിലാണ് പള്ളികൾ അടച്ചു പൂട്ടിയതെങ്കിലും എല്ലാ ആരാധനാലയങ്ങൾക്കും സുരക്ഷ ഉറപ്പാക്കിയതോടെ താഴിട്ട പള്ളികളോരോന്നും തുറന്നു വരികയാണെന്ന് സുബൈർ സഖാഫി പറഞ്ഞു.
ന്യൂസിലാൻഡുകാർ ഇത് ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായല്ല കണ്ടത്. അവർക്കു നേരെയുള്ള തീവ്രവാദി ആക്രമണമായാണ്. സംഭവത്തിന് ശേഷം രക്ഷാപ്രവർത്തനത്തിനും അനുശോചനത്തിനും അവർ കാണിച്ച മാതൃക അനുകരണീയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

മുസ്‌ലിം സഹോദരന്മാരെ പ്രത്യേകം കണ്ട് ക്ഷമാപണം നടത്തുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത അവർ സ്‌നേഹവായ്പുകളോടെ മുസ്‌ലിംകളെ പുണരുകയാണ്. ഇത് മറ്റെവിടെയും കാണാത്ത മാതൃകയാണ്. മുസ്‌ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പർദയണിഞ്ഞാണ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ ആക്രമണം നടന്ന പള്ളി സന്ദർശിക്കാനെത്തിയത്. സംഭവത്തിന് ശേഷം എല്ലാ മുസ്‌ലിം പള്ളികൾക്കും ധർമ സ്ഥാപനങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തിയതായി അവർ പറഞ്ഞു.
ഭീകരാക്രമണം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയല്ല, അവരെ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. ആക്രമണത്തിന് ശേഷം ന്യൂസിലാൻഡിൽ പള്ളികൾ അടച്ചിട്ടിരിക്കയാണെന്നും മുസ്‌ലിംകൾക്ക് പ്രാർഥന നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കയാണെന്നുമുള്ള വാർത്ത ശരിയല്ല, സുരക്ഷയുടെ ഭാഗമായുള്ള താത്കാലിക നടപടികളാണിവയെന്നും അദ്ദേഹം പറഞ്ഞു.

Latest