Connect with us

Kerala

തിരഞ്ഞെടുപ്പ് ചട്ടം: കെ എസ് ആർ ടി സി ബസുകളിലെ പരസ്യം മാറ്റിത്തുടങ്ങി

Published

|

Last Updated

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകളില്‍ വെച്ചിരുന്ന സര്‍ക്കാര്‍ പരസ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ കെ എസ് ആർ ടി സി ബസുകളിൽ പതിച്ചിരുന്ന പരസ്യം നീക്കം ചെയ്തുതുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പരസ്യങ്ങളുമായി കെ എസ് ആർ ടി സി ബസുകൾ ഒടുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്നതിനാലാണ് പരസ്യം നീക്കം ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഒരു കോടി മുടക്കിയ പരസ്യം ആഴ്ചകൾക്കുള്ളിൽ മാറ്റേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് ബസുകളിൽ പരസ്യ പോസ്റ്ററുകൾ സ്ഥാപിച്ചു തുടങ്ങിയത്. മാർച്ച് ആദ്യവാരത്തോടെയാണ് പോസ്റ്റർ പതിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. എന്നാൽ, മാർച്ച് പത്തിന് തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകി. പരസ്യം നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയിരുന്നു. പല ബസുകളിലും ഒരാഴ്ച മാത്രമാണ് പരസ്യം നിന്നത്. ലോക്കൽ ബസുകളിൽ ഒന്നിന് രണ്ടായിരം രൂപ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ 2,700 രൂപ എന്ന നിരക്കുകളിലാണ് സർക്കാർ പരസ്യം നൽകിയിരുന്നത്.

എൽ ഡി എഫ് സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കൽ മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് പരസ്യം പതിച്ചത്. “പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിർമാണം” എന്ന വാചകത്തോടൊപ്പം ഓരോ വകുപ്പും പൂർത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.

Latest