ടോം വടക്കന്റെ മനംമാറ്റം എന്തുകൊണ്ടെന്നറിയില്ല; സീറ്റിനായി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു: മുല്ലപ്പള്ളി

Posted on: March 15, 2019 2:06 pm | Last updated: March 15, 2019 at 8:07 pm
മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റിനായി രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെട്ടിരുന്ന ടോം വടക്കന് എങ്ങനെയാണ് മനംമാറ്റമുണ്ടായതെന്ന് തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പുവരെ തന്നെ ബന്ധപ്പെടുന്നതിനായി പേഴ്‌സണ്‍ സ്റ്റാഫംഗങ്ങളെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

നരേന്ദ്രമോദിയെന്ന ഭീകരനെക്കുറിച്ചും അഴിമതിക്കാരനെക്കുറിച്ചും അഴിമതിക്കാരനായ രാഷ്ട്ീയക്കാരനെക്കുറിച്ചും തനിക്ക് പറഞ്ഞ് തന്നത് ടോം വടക്കനായിരുന്നു. കേരളത്തില്‍നിന്നും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ ബിജെപിയിലെത്തുമെന്ന ടോം വടക്കന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. മുസ്്‌ലിം ലീഗ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് തനിക്കറിയില്ല. വിഎം സുധീരന്‍ മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.