ഹെഡ്ഡറില്‍ ക്രിസ്റ്റിയാനോയെ വെല്ലാന്‍ ആരുമില്ല !

Posted on: March 15, 2019 12:08 pm | Last updated: March 15, 2019 at 2:47 pm
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പാട്രിസ് എവ്‌റയെ നിരായുധനാക്കിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി ചാമ്പ്യന്‍സ് ലീഗില്‍ നേടിയ ഏറെ പ്രശസ്തമായ ഗോള്‍

ലണ്ടന്‍: ലോകഫുട്‌ബോളിലെ കരുത്തരായ ഡിഫന്‍ഡര്‍മാര്‍ക്കിടയിലേക്ക് ഓടിയെത്തി ക്രിസ്റ്റിയാനോ വായുവില്‍ ഉയര്‍ന്ന് ഹെഡര്‍ ഗോളുകള്‍ നേടുന്നത് പലപ്പോഴും 78 സെ.മീറ്റര്‍ ഉയരത്തിലാണ്. ഇതാകട്ടെ, എന്‍ബിഎ ബാസ്‌കറ്റ് ബോള്‍ താരങ്ങളുടെ ചാട്ടത്തേക്കാള്‍ ഏഴ് സെന്റീ മീറ്റര്‍ കൂടുതലാണ്. ഇങ്ങനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറില്‍ നേടിയിരിക്കുന്നത് 123 ഹെഡര്‍ ഗോളുകള്‍ !

ഇതെല്ലാം പരിഗണിച്ചു കൊണ്ട് അയര്‍ലന്‍ഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ ടോണി കാസറിനോ നിസംശയം പറയുന്നു : ലോകഫുട്‌ബോളില്‍ ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച ഹെഡര്‍ ഗോളടിക്കാരന്‍ ഉണ്ടായിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ യുവെന്റസിന് തിരിച്ചുവരവൊരുക്കിയത് ക്രിസ്റ്റിയാനോയുടെ രണ്ട് എണ്ണം പറഞ്ഞ ഹെഡ്ഡറുകളായിരുന്നു.

ഇതില്‍ രണ്ടാമത്തെ ഹെഡര്‍ ആണ് കാസറിനോക്ക് ഏറ്റവും പിടിച്ചത്. നിന്ന നില്‍പ്പിലാണ് അയാള്‍ ആകാശം കാല്‍ക്കീഴിലാക്കുന്നത്. തലകൊണ്ട് ശക്തിയില്‍ ഫ്‌ളിക്ക്‌ ചെയ്യുന്ന ഹെഡറുകള്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് അവസരം നല്‍കില്ല. ഡിഫന്‍ഡര്‍മാരുടെ പൊസിഷനിംഗ് മറികടന്ന്, അതിവേഗത്തില്‍ വായുവില്‍ ഉയര്‍ന്ന്, ഗോളിയുടെ പൊസിഷന്‍ മനസിലാക്കിയുള്ള പവര്‍ ഹെഡറുകളാണ് ക്രിസ്റ്റ്യാനോയുടെ ആയുധം. വ്യത്യസ്തമായ, അസാധ്യമായ ഹെഡ്ഡറുകളാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് നാം ഇത്രയും കാലം കണ്ടത്. മറ്റാര്‍ക്കും ഫുട്‌ബോളില്‍ സാധിക്കാത്ത വിധമുള്ളത്.

കഠിനമായി അധ്വാനിച്ചാണ് ക്രിസ്റ്റിയാനോ ഹെഡ്ഡറില്‍ മാസ്റ്ററായത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് കായിക ശക്തി നിലനിര്‍ത്തുന്ന ക്രിസ്റ്റിയാനോ മാതൃകയാണ്-ഐറിഷ് മുന്‍ സ്‌ട്രൈക്കര്‍ ദ ടൈംസിലെ കോളത്തില്‍ എഴുതി.

മെസിയുടെ പ്രശംസ

ക്രിസ്റ്റിയാനോയുടെ മാന്ത്രിക പ്രകടനമായിരുന്നു ടുറിനില്‍ കണ്ടത്. യുവെന്റസിനും ക്രിസ്റ്റ്യാനോക്കും ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത റൗണ്ടിലെത്താന്‍ സാധിച്ചത് മികച്ച കളി പുറത്തെടുത്തതു കൊണ്ടാണ്. പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയുടെ പ്രകടനം – മെസി മത്സരശേഷം പറഞ്ഞു.