Connect with us

Ongoing News

'അവരെ ഞങ്ങള്‍ക്കു വേണ്ട'; സഖ്യത്തിനില്ലെന്ന മായാവതിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്

Published

|

Last Updated

ലക്‌നൗ: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എവിടെയും സഖ്യത്തിനില്ലെന്ന ബി എസ് പി നേതാവ് മായാവതിയുടെ പ്രസ്താവനക്ക് കനത്ത മറുപടിയുമായി കോണ്‍ഗ്രസ്. അവരെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് യു പി കോണ്‍ഗ്രസ് വക്താവ് രാജീവ് ബക്ഷി തിരിച്ചടിച്ചു. മായാവതിയുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരല്ലെന്ന് അദ്ദേഹം പറഞ്ഞു.

“കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണോ വേണ്ടയോ എന്നത് ലോക്‌സഭയില്‍ ഒരു സീറ്റു പോലുമില്ലാത്ത മായാവതിയുടെ പാര്‍ട്ടിക്ക് എങ്ങനെയാണ് തീരുമാനിക്കാനാവുക. കോണ്‍ഗ്രസിനെ കുറിച്ച സംസാരിക്കുന്നതിനു പകരം എസ് പിയുമായുള്ള ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തട്ടെ. അതില്‍ വിള്ളലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പതിനഞ്ചോ ഇരുപതോ ദിവസം കാത്തിരുന്നാല്‍ മതി. കാര്യങ്ങള്‍ എങ്ങനെ മാറിമറിയുന്നുവെന്ന് കാണാം”-രാജീവ് ബക്ഷി പറഞ്ഞു. ബി എസ് പിയുമായി സഖ്യമുണ്ടാക്കുന്നതിന് പാര്‍ട്ടിയുടെ ഒരു തലത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പാര്‍ട്ടികളുടെയും നിലപാടുകളെ ബഹുമാനിക്കുന്നുവെന്നായിരുന്നു മായാവതിയുടെ പ്രസ്താവനയെ കുറിച്ചു ചോദിച്ചപ്പോള്‍ പടിഞ്ഞാറന്‍ യു പിയുടെ പാര്‍ട്ടി ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. യു പിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എസ് പി, ബി എസ് പി എന്നിവയുടെതില്‍ നിന്ന് വ്യത്യസ്തമാണ് കോണ്‍ഗ്രസിന്റെ വഴിയെങ്കിലും മൂന്നു പാര്‍ട്ടികളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിട്ട. ഐ എ എസ് ഓഫീസര്‍ നേത് റാമിന്റെ ഡല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലെ ഒരു ഡസനോളം കേന്ദ്രങ്ങളില്‍ ആഭ്യന്തര നികുതി വകുപ്പ് റെയ്ഡ് നടത്തിയ ദിവസമാണ് മായാവതിയുടെ പ്രസ്താവനയുമായി രംഗത്തെത്തിയത്. മായാവതി യു പി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നയാളാണ് നേത് റാം.

Latest