ശബരിമല വിഷയം പ്രചാരണായുധമാക്കരുത്; കോടതി വിധി കര്‍ശനമായി നടപ്പിലാക്കും: തിരഞ്ഞെടുപ്പ് ഓഫീസര്‍

Posted on: March 12, 2019 7:16 pm | Last updated: March 12, 2019 at 11:59 pm

തിരുവനന്തപുരം: ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടികാ റാം മീണ. ജാതി, മതം, ആരാധനാലയം തുടങ്ങിയവയൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യരുത്. സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പിലാക്കുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പിലാക്കാന്‍ മുഴുവന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും കത്തു നല്‍കിയിട്ടുണ്ടെന്നും ടികാ റാം മീണ വ്യക്തമാക്കി.

ശബരിമലയെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം തറപ്പിച്ചു വ്യക്തമാക്കിയത്.

അതിനിടെ, നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം സംരക്ഷിക്കാനാണെന്ന് ആരോപിച്ച് ബി ജെ പി മുന്‍ സംസ്ഥാന സമിതി അംഗം കൃഷ്ണദാസ് പി നായര്‍ മീണക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളോ പൊതു ജനങ്ങളോ ഏതെല്ലാം വിഷയം ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും പറയുന്ന പരാതിയില്‍ മീണയെ തത്സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു.