വിവാഹാഭ്യര്‍ഥന നിരസിച്ചു; തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ യുവാവ് നടുറോഡില്‍ തീകൊളുത്തി

Posted on: March 12, 2019 10:41 am | Last updated: March 12, 2019 at 3:38 pm

തിരുവല്ല: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് .യുവതിയെ നടുറോഡില്‍വെച്ച് യുവാവ് തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം . ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് അയിരൂര്‍ സ്വദേശിനിയും കോളജ് വിദ്യാര്‍ഥിനിയുമായ കവിത വിജയകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഡിഗ്രി വിദ്യാര്‍ഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കവിതയും അജിനും പ്ലസ് ടു മുതല്‍ ഒരുമിച്ചാണ് പഠിച്ചത്. നിരവധി തവണ കവിതയോട് അജിന്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും കവിത ഒഴിഞ്ഞുമാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായ അജിന്‍ പെട്രോളുമായെത്തി കവിത പഠിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ടുനിന്നവരാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയത്. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കവിതയെ പ്രവേശിപ്പിച്ചത്.