രാഹുൽഗാന്ധി 14ന് തൃപ്രയാറിൽ

Posted on: March 12, 2019 10:33 am | Last updated: March 12, 2019 at 10:33 am
രാഹുൽ ഗാന്ധി

തൃശൂർ: ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച തൃപ്രയാറിലെ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുമെന്ന് ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ഫിഷർമെൻ പാർലിമെന്റ് സമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോക്സഭയുടെ അംഗസംഖ്യയായ 543 പ്രതിനിധികൾ പങ്കെടുക്കും.
29 സംസ്ഥാനങ്ങളിൽ നിന്നു ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
നൂറ് സൗഹൃദ പ്രതിനിധികളും ഉണ്ടാകും. കൂടാതെ 2500 പേർ സന്ദർശകരായി സ്റ്റേഡിയത്തിൽ രാവിലെ എട്ട് മണിയോടെ എത്തും.

കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പ്രതിനിധികൾ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവലാതികളും ചർച്ച ചെയ്യാൻ ഇത്തരമൊരു പാർലിമെന്റ് ഒരു രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.14ന് കേരളത്തിലെത്തുന്ന രാഹുൽ കാസർകോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയുംവീട്ടിൽ സന്ദർശനം നടത്തും. അതിന് ശേഷം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്റെ ലക്കിടിയിലെ വീട്ടിലും സന്ദർശനം നടത്തും.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിൻ ഗോമസ്, ജോസ് വള്ളൂർ, എ എം അലാവുദ്ദീൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.