യുഎഇയില്‍ വരും ദിനങ്ങളില്‍ തണുത്ത കാലാവസ്ഥയെന്ന്

Posted on: March 11, 2019 6:47 pm | Last updated: March 11, 2019 at 6:47 pm

ദുബൈ: രാജ്യത്ത് വരും ദിനങ്ങളില്‍ തണുത്ത കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷ ഊഷ്മാവില്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറവുണ്ടാകുക. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പ്രത്യേകിച്ച് മധ്യമേഖലയില്‍ ഉയര്‍ന്ന മര്‍ദമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗം എന്നിവിടങ്ങളില്‍ താഴ്ന്ന മര്‍ദവും രൂപപ്പെടുന്നത് രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്നുണ്ട്.

വടക്കുപടിഞ്ഞാറന്‍ കാറ്റിന് ശക്തി പ്രാപിച്ചു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. ഇത് കടലില്‍ ആറ് മുതല്‍ ഒമ്പത് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നതിന് കാരണമാകും. കാറ്റിന് വേഗത കൈവരുന്നതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടി പടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ട്. ഈ ഭാഗത്തു കാഴ്ച പരിധി കുറയുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ കാറ്റിന് വേഗത കുറയുകയും അന്തരീക്ഷ ഈര്‍പം വര്‍ധിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കൂടുതല്‍ തണുത്ത കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് നേരിയ തോതില്‍ ശക്തിപ്രാപിച്ചു ഉള്‍ഭാഗങ്ങളിലേക്ക് പ്രവേശിക്കും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലും അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകും.

ജബല്‍ ജൈസില്‍ അന്തരീക്ഷ താപം 2.6 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. റാസ് അല്‍ ഖൈമയിലെ തന്നെ മെബര മലനിരകളില്‍ താപനില 4.9 ഡിഗ്രിയായിരിക്കും. ജബല്‍ ഹഫീത്, റക്‌ന, അല്‍ ഹിബ്ന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 6.5, 7.3, 8.6 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.