ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് സ്ത്രീയും രണ്ടു പെണ്‍മക്കളും മരിച്ചു

Posted on: March 11, 2019 11:37 am | Last updated: March 11, 2019 at 3:51 pm

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് സ്ത്രീയും രണ്ടു പെണ്‍മക്കളും മരിച്ചു. അഞ്ജന മിശ്ര (34), മക്കളായ രിഥി (രണ്ട്), നിക്കി (മൂന്ന്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയും ഒരു മകളും രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് ആറരയോടെ കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പാലത്തില്‍ വച്ചാണ് സംഭവം. കുടുംബം അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന പ്രകൃതി വാതകം (സി എന്‍ ജി) ചോര്‍ന്നതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ബോണറ്റില്‍ നിന്ന് തീപ്പൊരി ഉയരുന്നത് കണ്ട് ഉപേന്ദര്‍ കാര്‍ പാതയോരത്തേക്ക് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അപ്പോഴേക്കും തീ പടരുകയായിരുന്നു. തുടര്‍ന്ന് തന്റെയടുത്തുണ്ടായിരുന്ന മൂന്നു വയസുകാരിയായ മകള്‍ സിദ്ധിയെയുമെടുത്തു ഉപേന്ദര്‍ പുറത്തു ചാടി. പിന്‍സീറ്റിലുണ്ടായിരുന്ന അഞ്ജനക്കും മക്കള്‍ക്കും ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കാറിന്റെ ചില്ല് പൊട്ടിച്ച് അവരെ രക്ഷപ്പെടുത്താന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ പൂര്‍ണമായി അഗ്നിക്കിരയാവുകയും മൂവരും വെന്തുമരിക്കുകയും ചെയ്തു.

ഭാര്യയെയും മക്കളെയും രക്ഷിക്കാനായി ആര്‍ത്തുവിളിച്ച് ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ലെന്ന് ഉപേന്ദര്‍ പറയുന്നു. പിന്നീട് ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാറിനെ പൂര്‍ണമായി തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.