Connect with us

National

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളായി; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരിച്ചു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. പരീക്ഷാ കാലം ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പു തീയതികള്‍. രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 2014നും ശേഷം 8.4 കോടി പുതിയ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 18-19 വയസ്സുള്ള വോട്ടര്‍മാര്‍ ഒന്നര കോടിയാണ്. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും. എല്ലായിടത്തും വി വി പ്ലാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്-1950.

വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടാകും. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ക്ക് കേസ് വിവരങ്ങളെ കുറിച്ച് പത്ര പരസ്യം നല്‍കി കമ്മീഷനെ അറിയിക്കണമെന്ന പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ജി പി എസ് നിരീക്ഷണമുണ്ടാവും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് ഉണ്ടാവും.

സാമൂഹിക മാധ്യമ പ്രചാരണവും തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടും. പ്രശ്‌നബാധിത മേഖലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കും. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും. പെയ്ഡ് ന്യൂസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ സഹകരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു.

Latest