പ്രളയം തകർത്ത കരിനിലങ്ങളിൽ കർഷകരുടെ വിജയഗാഥ

ഹരിപ്പാട്
Posted on: March 10, 2019 1:18 pm | Last updated: March 10, 2019 at 1:18 pm
കരിനിലങ്ങളിൽ നടക്കുന്ന കൊയ്ത്ത് യന്ത്രം ഉപയോഗിച്ചുള്ള വിളവെടുപ്പ്

ഹരിപ്പാട്: മഹാപ്രളയത്തെ തുടർന്ന് രണ്ടാം കൃഷി പൂർണമായും നഷ്ടപ്പെട്ട കരിനില കർഷകർക്ക് ഇക്കുറി പുഞ്ചകൃഷിയിൽ ലഭിച്ചത് നൂറു മേനി വിളവ്. ഒൻപതിനായിരത്തിലധികം ഹെക്ടറിൽ പുറക്കാട്, അമ്പലപ്പുഴ, തകഴി, കരുവാറ്റാ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ നെല്ലറയുടെ ഭാഗമായ കരിനിലങ്ങളിലാണ് കർഷകരുടെ വിജയഗാഥ.

പ്രളയം തൂത്തെറിഞ്ഞ നെൽ കർഷകർ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടേയും മരുഭൂമിയിൽ നിന്ന് തങ്ങളിനിയെന്തു ചെയ്യുമെന്ന് വിലപിച്ചപ്പോൾ ധൈര്യം നൽകി, കരിനില വികസന ഏജൻസിയുടെ മുൻകൈയിൽ പുഞ്ചകൃഷി ഇറക്കാൻ വിത്തും കക്കയും സർക്കാർ സൗജന്യമായി നൽകി. കൂടാതെ ഹെക്ടറിന് 13,500 രൂപ എന്ന കണക്കിൽ കർഷകർക്ക് ബേങ്ക് അക്കൗണ്ട് മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കി വീണ്ടും കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. കരിനില മേഖലയുടെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഹെക്ടർ കൃഷിനിലത്തിൽ നിന്ന് 8750 കിലോക്ക് മുകളിൽ നെല്ല് ലഭിക്കുന്നതെന്ന് പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി സുരേന്ദ്രൻ പറഞ്ഞു.

മിക്ക പാടശേഖരങ്ങളിലും കൊയ്ത്ത് അന്തിമ ഘട്ടത്തിലാണ്. അവശേഷിക്കുന്ന കരുവാറ്റായിലെ വാഴാങ്കേരി – പുളമ്പൻകേരി പാടശേഖരത്തിലെ കൊയ്ത്തിന് ഇന്ന് തുടക്കമാകും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്, മണ്ണ് പരിശോധനാ വിഭാഗം, കാർഷിക സർവകലാശാല തുടങ്ങിയ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മേഖലയിൽ ഇനിയും കൃഷി കൂടുതൽ അഭിവൃദ്ധിപ്പെടുത്താനുള്ള പഠനങ്ങൾ നടന്നുവരികയാണ്.

അടുത്തിടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന കാർഷിക സെമിനാറിൽ മൂവായിരത്തോളം കർഷകരാണ് പങ്കെടുത്തത്. ഉദ്യോ ഗസ്ഥരുടെ ബോധവത്കരണ ക്ലാസും കർഷകരുടെ ആശങ്കകളും സംശയങ്ങളും സദസ്സിലിരുന്ന് സാകൂതം ശ്രവിച്ച കൃഷിമന്ത്രി നെല്ലറയുടെ നാടായ കുട്ടനാടൻ കർഷകരുടെ ജീവിതയാഥാർഥ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് പുഞ്ചകൃഷിയിൽ അഭിമാനാർഹമായ വിളവ് ഉത്പാദിപ്പിച്ച കുട്ടനാട് – അപ്പർ കുട്ടനാട്- കരിനില മേഖലയിലെ കർഷകർക്കുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സമ്മാനമായി നെൽ കർഷകർക്ക് അടുത്ത സീസൺ മുതൽ ഇപ്പോൾ ലഭിക്കുന്ന ഒരു കിലോ നെല്ലിന്റെ വില 25.30ൽ നിന്ന് വർധിപ്പിച്ച് 26.30 ആയി നൽകുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് കർഷകർ സ്വീകരിച്ചത്.
രണ്ടാം കൃഷിക്കായി കരിനിലങ്ങൾ ഒരുങ്ങിത്തുടങ്ങി. പ്രകൃതിയോട് മല്ലിട്ട് പരമാവധി ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് കർഷകർ തയ്യാറെടുക്കുന്നത്.