Connect with us

Kerala

പൊന്നാനിയിൽ അൻവർ തന്നെ; സി പി എം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

Published

|

Last Updated

തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ സീറ്റിൽ പി വി അൻവറിനെ മത്സരിപ്പിക്കാൻ സി പി എമ്മിൽ ധാരണ. ജയസാധ്യതയുള്ള മറ്റു സ്ഥാനാർഥികളെ നിർദേശിക്കാനില്ലാതെ വന്നതോടെയാണ് അൻവറിന് വീണ്ടും സാധ്യത തെളിഞ്ഞത്. താനൂർ എം എൽ എ. വി അബ്ദുർറഹ്മാന്റെ പേര് ഉയർന്നുവന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ചു. ഇന്ന് രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അൻവറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പൊന്നാനി ഉൾപ്പെടെ പതിനാറ് സീറ്റുകളിലേക്കുമുള്ള സി പി എം സ്ഥാനാർഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സി പി ഐയുടെ നാല് സ്ഥാനാർഥികളെ ഇന്നലെ തന്നെ പ്രഖ്യാപിച്ചു.

അൻവർ കൂടി സ്ഥാനാർഥിയാകുന്നതോടെ മത്സരിക്കുന്ന സി പി എം സ്ഥാനാർഥി പട്ടികയിലെ സിറ്റിംഗ് എം എൽ എമാരുടെ എണ്ണം നാല് ആകും. സി പി ഐ പട്ടികയിലെ രണ്ട് പേർ കൂടി ചേരുമ്പോൾ ഇടത് സ്ഥാനാർഥികളിൽ ആറ് സിറ്റിംഗ് എം എൽ എമാരാണ് മത്സരരംഗത്തുള്ളത്. സി പി എമ്മിന്റെ ആറ് സിറ്റിംഗ് എം പിമാരും കളത്തിലുണ്ട്. എ പ്രദീപ്കുമാർ (കോഴിക്കോട്), എ എം ആരിഫ് (ആലപ്പുഴ), വീണാജോർജ് (പത്തനംതിട്ട) എന്നിവരാണ് മത്സരിക്കുന്ന മറ്റ് സിറ്റിംഗ് എം എൽ എമാർ. സതീഷ്ചന്ദ്രൻ (കാസർകോട്), പി കെ ശ്രീമതി (കണ്ണൂർ), പി ജയരാജൻ (വടകര), വി പി സാനു (മലപ്പുറം) എം ബി രാജേഷ് (പാലക്കാട്), ഇന്നസെന്റ് (ചാലക്കുടി), പി രാജീവ് (എറണാകുളം) ജോയ്‌സ് ജോർജ് (ഇടുക്കി) വി എൻ വാസവൻ (കോട്ടയം) കെ എൻ ബാലഗോപാൽ (കൊല്ലം), എ സമ്പത്ത് (ആറ്റിങ്ങൽ) എന്നീ മറ്റു സ്ഥാനാർഥികളെ നേരത്തെ തീരുമാനിച്ചിരുന്നു.

എൽ ഡി എഫ് ജയസാധ്യത കാണുന്ന പൊന്നാനിയിൽ കരുത്തനായൊരു സ്ഥാനാർഥി വേണമെന്നായിരുന്നു സി പി എമ്മിലെ പൊതുവികാരം. സ്വതന്ത്ര സ്ഥാനാർഥിയെന്ന് തീരുമാനിച്ചതിനാൽ പാർട്ടി നേതാക്കളെയൊന്നും പരിഗണിച്ചില്ല. മലപ്പുറം ജില്ലയിൽ നിന്നുള്ള സ്വതന്ത്ര എം എൽ എമാരായ അബ്ദുർറഹ്മാന്റെയും അൻവറിന്റെയും പേരുകളാണ് തുടക്കം മുതൽ ഉയർന്നത്. നേരത്തെ ഏറനാട് നിന്ന് നിയമസഭയിലേക്കും വയനാട് നിന്ന് ലോക്‌സഭയിലേക്കും സ്വതന്ത്രനായി അൻവർ മത്സരിച്ചിട്ടുണ്ട്. തുടർന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തിയത്. ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കൂടുതൽ വോട്ട് നേടി നേട്ടം കൊയ്യാൻ അൻവറിന് കഴിഞ്ഞിരുന്നു. ഏറനാട് നിന്ന് മത്സരിച്ചപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി അൻവറിന് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗത്തെ ഈ പരിചയം പൊന്നാനിയിൽ ഗുണം ചെയ്യുമെന്നാണ് സി പി എം വിലയിരുത്തൽ.

കോൺഗ്രസ് മുൻ നേതാവ് എന്നതും അൻവറിന്റെ കാര്യത്തിൽ കണക്കിലെടുത്തു. പൊന്നാനി മണ്ഡലത്തിന്റെ പലഭാഗങ്ങളിലും ലീഗ്- കോൺഗ്രസ് ബന്ധത്തിലെ വിള്ളൽ മുതലാക്കാൻ കഴിയുമെന്നും സി പി എം കണക്കുകൂട്ടുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി യോഗം പൊന്നാനി ഒഴികെയുള്ള സ്ഥാനാർഥികളുടെ കാര്യമാണ് തീരുമാനിച്ചിരുന്നത്.

---- facebook comment plugin here -----

Latest