കോലിയുടെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; മൂന്നാം അങ്കത്തില്‍ ഇന്ത്യക്കു 32 റണ്‍സ് തോല്‍വി

Posted on: March 8, 2019 9:56 pm | Last updated: March 9, 2019 at 10:17 am

റാഞ്ചി: നായകന്റെ ബാറ്റില്‍ നിന്നു പിറന്ന തകര്‍പ്പന്‍ സെഞ്ച്വറിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല. നാട്ടുകാരുടെ മുന്നില്‍ വിജയം കൊയ്യാമെന്ന് ധോണിയുടെ ആഗ്രഹവും സഫലമായില്ല. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ പരാജയം. ഇതോടെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ ഓസീസിനായി. സ്‌കോര്‍: ആസ്‌ത്രേലിയ- 313/5, ഇന്ത്യ- 281 ഓള്‍ഔട്ട്.

ടോസ് ലഭിച്ച ആതിഥേയര്‍ സന്ദര്‍ശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബൗളര്‍മാരെ തച്ചൊടിക്കുന്ന ബാറ്റിംഗാണ് ഓസീസ് കാഴ്ചവച്ചത്. ഏകദിനത്തിലെ കന്നി സെഞ്ച്വറിയുമായി ഉസ്മാന്‍ ഖവാജയും 93 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും തിളങ്ങിയപ്പോള്‍ ആസ്‌ത്രേലിയ അടിച്ചുകൂട്ടിയത് 313 റണ്‍സ്. ഇതിന് ബലികഴിച്ചത് അഞ്ചു വിക്കറ്റ് മാത്രവും. കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയായിരുന്ന ഓസീസിനെ വൈകിയുണര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന 15 ഓവറുകളില്‍ നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 193 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടാണ് ഖവാജ-ഫിഞ്ച് സഖ്യം പടുത്തുയര്‍ത്തിയത്. എന്നാല്‍, അവസാന 10 ഓവറില്‍ ഓസീസിന് നേടാനായത് 69 റണ്‍സ് മാത്രമാണ്. 113 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ഖവാജയുടെ 113 പിറന്നത്. 99 പന്തില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സും പറത്തിയാണ് ഫിഞ്ച് 93ല്‍ എത്തിയത്. ഗ്ലെന്‍ മാക്‌സ്വെല്‍ (47), മാര്‍ക്കസ് സ്റ്റോയ്‌നിസ് (31), അലക്‌സ് കാറെ (21) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ആണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 27 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ വിരാട് കോലി വീണ്ടും നായകന്റെ കളി പുറത്തെടുത്തു. നാലാം വിക്കറ്റില്‍ ധോണിക്കൊപ്പവും (59), അഞ്ചാം വിക്കറ്റില്‍ കേദാര്‍ ജാദവിനൊപ്പവും (88) ആറാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പവും (45) മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ത്ത കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചതാണ്. എന്നാല്‍, 38 ാം ഓവറില്‍ സാംപ കോലിയുടെ കുറ്റി തെറിപ്പിച്ചതോടെ പ്രതീക്ഷ അവസാനിപ്പിച്ചു.

വിജയ് ശങ്കര്‍ (32), ധോണി (26), കേദാര്‍ ജാദവ് (26), രവീന്ദ്ര ജഡേജ (24), രോഹിത് ശര്‍മ (14), കുല്‍ദീപ് യാദവ് (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയവര്‍. ശിഖര്‍ ധവാന്‍ ഒരു റണ്ണിനും മുഹമ്മദ് ഷമി എട്ടു റണ്ണിനും കൂടാരം കയറി.