ദുരിതമനുഭവിക്കുന്ന യമന് കൂടുതല്‍ സഹായഹസ്തവുമായി സഊദി

Posted on: March 7, 2019 11:12 pm | Last updated: March 8, 2019 at 10:48 am

റിയാദ്: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന അയല്‍രാജ്യമായ യമനിലെ ഹാജ്ജയിലേക്ക് കൂടുതല്‍ സഹായഹസ്തവുമായി സഊദി അറേബ്യ. കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫിന്റെ ((കെ എസ് റിലീഫ്) കീഴിലാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നത്. യമനിലെ ഹാജ്ജ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 1,800 പേര്‍ക്കുള്ള ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്,

യമനിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി 328 പുനരധിവാസ പദ്ധതികളും, ആരോഗ്യ-ഭക്ഷ്യ വിതരണവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. 2018 ല്‍ 2,501,897 പേര്‍ക്ക് മെഡിക്കല്‍ സേവനങ്ങളും, ഹദര്‍ മൗത്തിലെ കിഡ്നി സെന്ററിന് 56 ടണ്‍ മരുന്നുകളും വിതരണം ചെയ്തിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്നും യമന്‍ ദുരിതാശ്വാസ നിധി സ്വരൂപണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. സഊദി, യു എ ഇ എന്നീ രാജ്യങ്ങള്‍ 50 കോടി ഡോളറും, കുവൈത്ത് 25 കോടി ഡോളറും, ബ്രിട്ടന്‍ 26 കോടി 40 ലക്ഷം ഡോളറും, അമേരിക്കയുടെ ഇന്റര്‍നാഷണല്‍ ഡെവലപ്മന്റ് ഏജന്‍സി രണ്ടു കോടി 40 ലക്ഷം ഡോളറും സഹായമേകാന്‍ മുന്നോട്ടു വന്നിട്ടുണ്ട്