Connect with us

Editorial

ബംഗാളിലെ സി പി എം- കോൺഗ്രസ് സഹകരണം

Published

|

Last Updated

കോൺഗ്രസുമായുള്ള ബന്ധത്തിൽ സി പി എം ഇക്കാലമത്രയും സ്വീകരിച്ച നിലപാടിൽ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി പരസ്യമായി സഹകരിക്കാനുള്ള തീരുമാനം. ബംഗാളിൽ കോൺഗ്രസും സി പി എമ്മും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നും തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമാകാനുമാണ് അതത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര കമ്മിറ്റി അനുവാദം നൽകിയത്. തൃണമൂലിനേയും ബി ജെ പിയേയും പരാജയപ്പെടുത്തണമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനാണ് ബംഗാളിലെ നീക്കുപോക്കിനുള്ള നിർദേശമെന്ന് പാർട്ടി സെക്രട്ടറി യെച്ചൂരി വ്യക്തമാക്കി.

ബംഗാളിലെ പാർട്ടിയുടെ തകർച്ചയാണ് സി പി എമ്മിനെ പ്രത്യയശാസ്ത്ര വരട്ടു വാദം ഉപേക്ഷിക്കാൻ നിർബന്ധിതമാക്കിയത്. കേരളത്തിലേത് പോലെ താത്കാലിക പരാജയമല്ല പാർട്ടി അവിടെ നേരിട്ടത്. തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുക സാധാരണമാണ്. എന്നാൽ പാർട്ടിയുടെ അസ്തിവാരം തന്നെ ഇളകിയിട്ടുണ്ട് ബംഗാളിൽ. സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടങ്ങിയ 2008ൽ ആരംഭിച്ചതാണ് അവിടെ സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും തകർച്ച. 2006ൽ ഏഴാം ഇടതു സർക്കാർ ബംഗാളിൽ അധികാരത്തിൽ വരുന്നത് വ്യവസായവത്കരണ മന്ത്രം മുഴക്കിയാണ്. വ്യാവസായികാവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ അതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാതെയും അവരുമായി ചർച്ചകൾ നടത്താതെയും ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുത്തത് അക്കാലമത്രയും സി പി എമ്മിനെ പിന്തുണച്ചിരുന്ന കർഷകരെ വിശിഷ്യാ, ഭൂമിയെ ഉപജീവന മാർഗമാക്കിയിരുന്ന മുസ്‌ലിംകളെ പാർട്ടിയുമായി അകറ്റി. 1980ൽ 38 ലോക്‌സഭാ അംഗങ്ങളുണ്ടായിരുന്ന പാർട്ടിയുടെ അംഗബലം 2014ൽ രണ്ടായി കുത്തനെ ഇടിഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ അത് പൂജ്യത്തിലെത്തുമോ എന്ന ഭീതിയിലാണ് പാർട്ടി.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാറിന് പിന്തുണ നൽകിയതൊഴിച്ചാൽ കോൺഗ്രസുമായുള്ള ബന്ധത്തെ എതിർത്തിരുന്ന കക്ഷിയാണ് സി പി എം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബലനേതൃത്വം കോൺഗ്രസുമായി തന്ത്രപരമായ സഖ്യത്തിന് മുതിർന്നതായിരുന്നല്ലോ 1964ൽ സി പി എമ്മിന്റെ പിറവിക്ക് തന്നെ കാരണം. 1990കളിൽ കോൺഗ്രസിനുള്ള ബദൽ എന്ന രീതിയിൽ തീവ്രവലതുപക്ഷ വർഗീയ പാർട്ടിയായ ബി ജെ പി ഉയർന്നുവന്നതോ ടെയാണ് മതേതരത്വം സംരക്ഷിക്കാനും ജനകീയ നയങ്ങൾ നടപ്പാക്കാനുമായി പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യു പി എ സർക്കാറിന് പാർട്ടി പിന്തുണ നൽകിയത്.

ദേശീയ തലത്തിൽ ഈ സഹകരണം നടന്നപ്പോഴും ബംഗാളിലും കേരളത്തിലും ത്രിപുരയിലും കോൺഗ്രസിനോടുള്ള ശത്രുത പാർട്ടി തുടർന്നു വന്നു. 2012ലെ സി പി എം കോഴിക്കോട് പാർട്ടി കോൺഗ്രസിലും 2015 ഏപ്രിലിലെ വിശാഖപട്ടണം കോൺഗ്രസിലും ബി ജെ പിക്കും കോൺഗ്രസിനും എതിരെ തുല്യ അകലം പാലിക്കുക എന്ന നയമാണ് പാർട്ടി സ്വീകരിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനായി ബംഗാൾ ഘടകം കേന്ദ്രനേതൃത്വത്തോട് സമ്മതമാരാഞ്ഞപ്പോൾ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രപരമായ നിലപാടിന് കോട്ടം തട്ടാത്ത തരത്തിൽ സീറ്റുകളിൽ നീക്കുപോക്കുകൾക്കുള്ള പരിമിതമായ സ്വാതന്ത്ര്യം മാത്രമാണ് കേന്ദ്ര നേതൃത്വം നൽകിയിരുന്നത്. പരസ്യമായ സഖ്യം പാടില്ലെന്നും സി പി എമ്മും കോൺഗ്രസും വെവ്വേറെ പ്രചാരണം നടത്തണമെന്നും നിബന്ധന വെക്കുകയും ചെയ്തു.

ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം പാർട്ടി പരസ്യമായ സഖ്യത്തിന് പച്ചക്കൊടി കാട്ടുമ്പോൾ ബി ജെ പിക്കെതിരായ മതേതര മുന്നണി രൂപവത്കരത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2004ൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാറിനെ പിന്തുണക്കാനുണ്ടായ സാഹചര്യമെന്തായിരുന്നോ അതേ സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളത്. വാജ്പയിയുടെ നേതൃത്വത്തിൽ തീവ്ര ഹിന്ദുത്വ വർഗീയ പാർട്ടിയായ ബി ജെ പി അധികാരത്തിൽ വരാതിരിക്കാനാണ് മൻമോഹൻ സിംഗ് സർക്കാറിന് സി പി എം പുറത്തു നിന്നുള്ള പിന്തുണ നൽകിയിരുന്നത്. മതേതര, ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വാജ്പയി സർക്കാറിനേക്കാൾ അപകടകാരികളാണ് ഇപ്പോഴത്തെ ഭരണകൂടം. ആർ എസ് എസിന്റെ തീവ്രഹിന്ദുത്വ നയങ്ങളെ രാജ്യത്ത് അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് മോദി സർക്കാർ.

ബംഗാളിൽ സഖ്യത്തിന് സി പി എമ്മും കോൺഗ്രസും പച്ചക്കൊടി കാട്ടിയെങ്കിലും മുർഷിദാബാദ്, റായിഗഞ്ച് സീറ്റുകളെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. മുസ്‌ലിം വോട്ടുകൾ നിർണായകമായ ഈ രണ്ട് മണ്ഡലങ്ങളും കോൺഗ്രസ് ശക്തികേന്ദ്രങ്ങളായിരുന്നു. പിന്നീട് സിപി എം ഇവ പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ തരംഗത്തിലും സി പി എം ഈ സീറ്റുകൾ നിലനിർത്തുകയും ചെയ്തു. സി പി എമ്മിലെ മുസ്‌ലിം നേതാക്കളായ മുഹമ്മദ് സലീമും ബദറുദ്ദുജ ഖാനുമാണ് 2014ൽ ഇവിടെ വിജയിച്ചത്.

എന്നാൽ രണ്ട് മണ്ഡലങ്ങളും കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായിരുന്നുവെന്നതിനാൽ തങ്ങൾക്ക് വേണമെന്നാണ് അവരുടെ നിലപാട്. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരം വേണ്ടെന്ന നിലപാടിന് വിരുദ്ധമാകയാൽ ഇതംഗീകരിക്കാനാകില്ലെന്ന് സി പി എമ്മും പറയുന്നു. ഈ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഇരുപക്ഷവും.