സ്‌പെഷ്യല്‍ ഒളിംപിക്: സ്വാഗതമോതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം

Posted on: March 6, 2019 1:44 pm | Last updated: March 6, 2019 at 1:46 pm

അബുദാബി: സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളേയും സന്ദര്‍ശകരെയും വരവേറ്റ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. മാര്‍ച്ച് 14 ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് ഉദ്ഘാടനത്തിനുള്ള അത്‌ലറ്റുകളും സന്ദര്‍ശകരും കഴിഞ്ഞ ദിവസം മുതല്‍ എത്തിത്തുടങ്ങി. ഇവരുടെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍, മറ്റ് പ്രക്രിയകള്‍ എന്നിവയില്‍ തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഉപയോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനായി എയര്‍പോര്‍ട്ട് പോലീസ്, കസ്റ്റംസ് തുടങ്ങി എല്ലാ ഏജന്‍സികളുടേയും സഹകരണം ഉറപ്പ് വരുത്തിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഗെയിംസിന് എത്തുന്ന അത്‌ലറ്റുകള്‍ക്കും അതിഥികള്‍ക്കുമായി പ്രത്യേക മുന്‍ഗണനാ ലെയ്‌നുകളും ക്യൂ കണ്‍ട്രോള്‍ സഹായവും ഉറപ്പ് വരുത്തും. അതിഥികള്‍ എളുപ്പത്തില്‍ വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നതിന് ഡിജിറ്റല്‍ അടയാളങ്ങള്‍ സ്ഥാപിക്കും. കൂടാതെ അതിഥികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പ് വരുത്തുന്നതിന് വിമാനത്താവളത്തില്‍ ഉടനീളം ആവശ്യമായ ജീവനക്കാരെ വിന്യസിക്കും. കൂടാതെ രാജ്യത്തേക്ക് എത്തുന്ന അതിഥികളെ അബുദാബിയിലെ പ്രത്യേക പാരമ്പര്യ സ്ഥലങ്ങളും ത്രില്ലടിപ്പിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളും പരിചയപെടുത്തുന്നതിനും സ്വാഗതം ചെയ്യുന്നതിനും അബുദാബി വിമാനത്താവളത്തില്‍ പ്രത്യേകം വളണ്ടിയര്‍മാരെ ഒരുക്കും.

സ്‌പെഷ്യല്‍ വേള്‍ഡ് ഗെയിംസിനായി അബുദാബിയിലെത്തുന്ന അത്‌ലറ്റുകളേയും സന്ദര്‍ശകരേയും സ്വാഗതം ചെയ്യുന്നതിനുള്ള അവസരം ഞങ്ങള്‍ ആസ്വദിക്കുന്നതായി അബുദാബി എയര്‍പോര്‍ട്ടുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംപ്‌സണ്‍ പറഞ്ഞു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലുടനീളം ഞങ്ങള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രത്യേക വേള്‍ഡ് ഗെയിംസ് അബുദാബിയില്‍ സംഘടിപ്പിക്കുന്നത്.