ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന് പാക്കിസ്ഥാന്‍; നിഷേധിച്ച് ഇന്ത്യ

Posted on: March 5, 2019 8:42 pm | Last updated: March 5, 2019 at 10:28 pm

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നാവികാതിര്‍ത്തി ലംഘിച്ചെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍, ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. 2016നു ശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ട പാക് നാവികസേനാ വക്താവ് പറഞ്ഞു.

എന്നാല്‍, എവിടെ വച്ച്, എന്നാണ് സംഭവമുണ്ടായതെന്ന വിശദാംശങ്ങളൊന്നും പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു വീഡിയോ ദൃശ്യം മാത്രമാണ് ആരോപണത്തിന് തെളിവായി പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍ ഒരു മുങ്ങിക്കപ്പലും കാഴ്ചകള്‍ കാണാനുള്ള ഒരുപകരണവുമുണ്ടെന്നതല്ലാതെ പാക് ആരോപണത്തെ തെളിയിക്കുന്ന യാതൊന്നുമില്ല.

അതിര്‍ത്തി ലംഘിക്കുന്ന ഒരു നീക്കവും നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.