ദേവെഗൗഡയുടെ ചെറുമക്കൾ കളത്തിലേക്ക്

Posted on: March 4, 2019 12:38 pm | Last updated: March 4, 2019 at 12:43 pm
നിഖിൽ, പ്രജ്വൽ

ബെംഗളൂരു: കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ- എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡയുടെ ചെറുമക്കൾ ഗോദയിലേക്ക്. ദേവെഗൗഡ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും മന്ത്രി എച്ച് ഡി രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയുമാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുക.

പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ നിന്നും നിഖിൽ കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തിൽ നിന്നുമായിരിക്കും മത്സരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ജെ ഡി എസ്- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് ദേവെഗൗഡ ഇരുവരുടെയും സ്ഥാനാർഥിത്വം സംബന്ധിച്ച് സൂചന നൽകിയത്. സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കാനാണ് രണ്ട് പാർട്ടികളുടെയും നീക്കം. ജെ ഡി എസ് പന്ത്രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.