Connect with us

Ongoing News

എല്‍ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ ക്ലാസിക്

Published

|

Last Updated

മാഡ്രിഡ്: നാല് ദിവസത്തിനിടെ നടന്ന രണ്ടാം എല്‍ക്ലാസിക്കോ പോരാട്ടത്തിലും റയലിനെ തകര്‍ത്ത് ബാഴ്‌സയുടെ കുതിപ്പ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 26ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ഇവാന്‍ റാകിടിചാണ് വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നാണ് താരം ഗോള്‍ കണ്ടെത്തിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചപ്പോള്‍ ഗോളവസരങ്ങള്‍ പലതും പിറന്നു. പക്ഷേ, പല ഗോള്‍ അവസരങ്ങളും ലക്ഷ്യം കണ്ടില്ല. റാകിടിച് ഗോള്‍ നേടിയതോടെ ഗോള്‍ മടക്കാന്‍ റയല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

എല്‍ക്ലാസിക്കോയില്‍ റയലിനേക്കാള്‍ കൂടുതല്‍ വിജയം എന്ന നേട്ടം സ്വന്തമാക്കാനും ബാഴ്‌സക്ക് കഴിഞ്ഞു. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 95 തവണ റയല്‍ വിജയിച്ചപ്പോള്‍ ബാഴ്‌സയുടേ ജയം 96 ആയി ഉയര്‍ന്നു. എല്‍ക്ലാസിക്കോയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് വിജയക്കണക്കില്‍ ബാഴ്‌സ മുന്നിലെത്തിയത്.

ബുധനാഴ്ച നടന്ന കോപ ഡെല്‍ റേയിലും ബാഴ്‌സ റയലിനെ കീഴടക്കിയിരുന്നു. രണ്ടാം പാദ സെമിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അന്ന് ബാഴ്‌സ ജയിച്ചത്. ജയത്തോട് പത്ത് പോയിന്റ് ലീഡുമായി ബാഴ്‌സ ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍ 60 പോയിന്റാണ് ബാഴ്‌സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലിറ്റിക്കോക്ക് 50 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയന്റുമാണുള്ളത്.

Latest