Connect with us

Ongoing News

സെഞ്ച്വറി തിളക്കത്തില്‍ ഫെഡറര്‍

Published

|

Last Updated

ദുബൈ: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് കരിയറിലെ നൂറാം എടിപി കിരീടം. ദുബൈ ഡ്യൂട്ടിഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായാണ് ഫെഡറര്‍ കരിയറിലെ മറ്റൊരു നാഴികക്കല്ലിലെത്തിയത്. ഫൈനലില്‍ ഗ്രീസിന്റെ ഇരുപതു വയസുകാരന്‍ സ്റ്റെഫാനോസ് സിടിസിപാസിനെ നേരിട്ട സെറ്റുകള്‍ക്ക് (6-4,6-4) തോല്‍പ്പിച്ചു. ഇരുപത് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ ഫെഡറര്‍ ഓപണ്‍ യുഗത്തില്‍ നൂറ് എടിപി കിരീടം നേടുന്ന രണ്ടാം താരമാണ്. അമേരിക്കന്‍ ഇതിഹാസം ജിമ്മി കോണോഴ്‌സാണ് മുന്‍ഗാമി. 109 എടിപി കിരീടങ്ങള്‍ ജിമ്മിയുടെ പേരിലുണ്ട്.

ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണില്‍ റോജര്‍ ഫെഡററെ കെട്ടുകെട്ടിച്ച താരമാണ് സിട്‌സിപാസ്. ദുബൈയില്‍ അന്നത്തെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയാണ് ഫെഡറര്‍ ചെയ്തത്. ഇതോടെ,റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഫെഡറര്‍ തിരിച്ചെത്തും.
ദുബൈയില്‍ എട്ടാം തവണയും ചാമ്പ്യനായതിന്റെ സന്തോഷം ഫെഡറര്‍ മറച്ചു വെച്ചില്ല. ഇത് അവിസ്മരണീയം, ദുര്‍ഘട പാതകളായിരുന്നു മുന്നില്‍. എതിരാളികള്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്നവര്‍. ഫൈനലില്‍ സ്റ്റെഫാനോസ് വെല്ലുവിളി സൃഷ്ടിച്ചു- ഫെഡറര്‍ പറഞ്ഞു.
2001 ല്‍ മിയാമിയിലാണ് ഫെഡറര്‍ തന്റെ ആദ്യ എടിപി കിരീടം നേടിയത്.

നൂറാം കിരീടം നേടി നില്‍ക്കുമ്പോള്‍ മിയാമിയിലെ വിജയത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേഡിയത്തില്‍ കാണിച്ചു. താന്‍ ആദ്യ കിരീടം നേടുമ്പോള്‍ സ്‌റ്റെഫാനോസ് ജനിച്ചിട്ടുണ്ടായിരിക്കില്ലെന്ന ഫെഡററുടെ തമാശ എല്ലാവരെയും ചിരിപ്പിച്ചു.
പീറ്റ് സാംപ്രാസ്, ആന്ദ്ര അഗസി എന്നീ താരങ്ങളെ കണ്ടാണ് താന്‍ ടെന്നീസിലേക്ക് പ്രവേശിച്ചത്. മികച്ച കരിയര്‍ സാധ്യമായി. സ്റ്റെഫാനോസ് ചെറുപ്പമാണ്, സമയം മുന്നിലുണ്ട്. മികച്ച കരിയര്‍ അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു – ഫെഡറര്‍ റണ്ണേഴ്‌സപ്പായ താരത്തെ നോക്കി പറഞ്ഞു. ആദ്യ കിരീടം നേടിയതിന് ശേഷം 2016 ഒഴികെ എല്ലാ സീസണിലും ഫെഡറര്‍ എടിപി കിരീടം നേടിയിട്ടുണ്ട്.
100 കിരീടങ്ങളില്‍ 24 എണ്ണം തുടരെ ആയിരുന്നു. 2003 ഒക്ടോബര്‍ മുതല്‍ 2005 ഒക്ടോബര്‍ വരെ ആയിരുന്നു ഈ സുവര്‍ണകാലം.
റോജര്‍ ഫെഡറര്‍ക്കെതിരെ കളിക്കുക എന്നത് പോലും വലിയ അംഗീകാരമാണ്.
ആറാം വയസിലാണ് ഞാന്‍ ഫെഡററെ ടിവിയില്‍ കാണുന്നത്. അദ്ദേഹത്തിന്റെ അന്നത്തെ ചിരി എന്റെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു – ഗ്രീക്ക് താരം പറഞ്ഞു.

Latest